മണര്‍കാട് പള്ളി വിവാദം: സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് യാക്കോബായ സഭ
 

 
BAVA 1

കോട്ടയം: പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ മണര്‍കാട് പള്ളിയില്‍ പ്രവേശിച്ചതില്‍ സര്‍ക്കാരിനെതിരെ അതൃപ്തി പ്രകടപ്പിച്ച്  ഓര്‍ത്തഡോക്‌സ് സഭ. മാധ്യമവിഭാഗം അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് ആണ് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുന്നില്‍ അതൃപ്തി തുറന്നു പറഞ്ഞത്. 

സര്‍ക്കാരിന് ലഭിച്ചത് വിചിത്രമായ നിയമോപദേശമെന്നും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഉണ്ടായത് വലിയ മുറിവാണെന്നും അദ്ദേഹം പറഞ്ഞു. ആ മുറിവുണ്ടാക്കിയവര്‍ തന്നെ അത് ഉണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം മൂലേടം പള്ളിയില്‍ സ്പീക്കര്‍ കൂടി പങ്കെടുത്ത വേദിയിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്.


അതേസമയം  ശ്ലൈഹിക സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയ യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷ്യന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ബെയ്‌റൂട്ടിലേക്ക് മടങ്ങി. സന്ദര്‍ശനം ഫലപ്രദമായിരുന്നെന്നും സഭാ തര്‍ക്കം അവസാനിക്കാന്‍  തുറന്ന മനസോടെയുള്ള ചര്‍ച്ചകള്‍ തുടരണമെന്നും പാത്രിയര്‍ക്കീസ് ബാവ നെടുമ്പാശേരി വിമാനത്താവളത്തില്‍ പറഞ്ഞു.

പാത്രിയര്‍ക്കീസ് ബാവായുടെ മണര്‍കാട് പള്ളിയിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടെന്ന്  ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും യാക്കോബായ സഭ ത്യാഗം ചെയ്യാന്‍ തയാറാണെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.

ഓര്‍ത്തഡോക്‌സ്‌യാക്കോബായ സഭാതര്‍ക്കത്തില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തേണ്ടതില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നമാണിതെന്നും എല്ലാവരും ആഗ്രഹിക്കുന്നത് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേകിച്ച് ഒരു അഭിപ്രായവും പറയാനില്ലെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം വര്‍ഷങ്ങളായി തുടരുന്ന വിഷയമാണ്. ഇരു വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ രീതിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനപരമായി മുന്നോട്ടുപോകണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web