നസ്രാണി ഫെസ്റ്റുമായി മാനന്തവാടി രൂപത

 
nazerani



മാനന്തവാടി: സീറോ മലബാര്‍ സഭ 2026 സമുദായ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മാനന്തവാടി രൂപതയുടെ ആഭിമുഖ്യത്തില്‍ നസ്രാണി സംസ്‌കാരത്തിന്റെ തനിമയും പൈതൃകവും വിളിച്ചോതിക്കൊണ്ട് ഈ മാസം എട്ടിന് ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂള്‍ അങ്കണത്തില്‍ വൈകീട്ട് ആറ് മണിക്ക് നസ്രാണിഫെസ്റ്റ് സംഘടിപ്പിക്കുന്നു.


 സംഘ ഗാനത്തോടെ രൂപതയിലെ 12 ഫൊറോനകളിലും ഒരു റീജിയണിലും നിന്നുമുള്ള 600 കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന വൈവിധ്യമാര്‍ന്ന കലാവിരുന്നാണ് ഫെസ്റ്റിന്റെ മുഖ്യാകര്‍ഷണം. നീലഗിരി റീജിയണ്‍ അവതരിപ്പിക്കുന്ന മനോഹരമായ പരിപാടികള്‍ ആരംഭിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ മാനന്തവാടിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കല്ലോടി ഫൊറോനയിലെ പ്രഗത്ഭരായ കലാകാരന്മാര്‍ വേദിയില്‍ ഉദ്ഘാടന നൃത്തത്തിന് ചുവടുവയ്ക്കും. കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ജീവിതവും ക്രൈസ്തവ പാരമ്പര്യവും വിളിച്ചോതുന്ന നൃത്താവിഷ്‌കാരങ്ങള്‍ കലാവിരുന്നിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. 

നിലമ്പൂര്‍ ഫൊറോന അവതരിപ്പിക്കുന്ന വിശുദ്ധ തോമാശ്ലീഹാ നൃത്ത സംഗീതാവിഷ്‌കാരം, കല്‍പ്പറ്റ ഫൊറോനയുടെ വിശുദ്ധ ഏവുപ്രാസ്യാമ്മ നൃത്ത സംഗീതാവിഷ്‌കാരം, തരിയോട് ഫൊറോനയുടെ വിശുദ്ധ അല്‍ഫോന്‍സാമ്മ നൃത്ത സംഗീതാവിഷ്‌കാരം, പയ്യമ്പള്ളി ഫൊറോനയുടെ ' വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്' നൃത്ത സംഗീതാവിഷ്‌കാരം എന്നിവയും ഒരുക്കുന്നുണ്ട്.


പരമ്പരാഗത കലാരൂപങ്ങളായ മുള്ളന്‍കൊല്ലി ഫൊറോനയുടെ പരിചമുട്ടുകളിയും നടവയല്‍ ഫൊറോനയുടെ മാര്‍ഗംകളിയും ബത്തേരി ഫൊറോന അവതരിപ്പിക്കുന്ന റമ്പാന്‍ പാട്ടും ചുങ്കക്കുന്ന് ഫൊറോനയുടെ ബാന്‍ഡ് മേളവും നാടകവും വിശ്വാസതീക്ഷ്ണതയും കലയും സമന്വയിക്കുന്ന വേദിയില്‍ അരങ്ങേറും. ദ്വാരക ഫൊറോന ആലപിക്കുന്ന ഭക്തിസാന്ദ്രമായ രൂപതാ ആന്തത്തോടെ കലാവിരുന്ന് സമാപിക്കും

Tags

Share this story

From Around the Web