എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിലെ പ്രശ്നങ്ങളിൽ കോടതിയെ സമീപിക്കേണ്ടത് മാനേജ്മെൻ്റുകൾ’; അനാവശ്യ സമരങ്ങളില്‍ നിന്ന് പിന്മാറി ചര്‍ച്ചയുടെ വഴിയിലേക്ക് വരണമെന്നും മന്ത്രി ശിവൻകുട്ടി

എയ്ഡഡ് സ്‌കൂള്‍ നിയമന നിയമനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടത് മാനേജ്‌മെന്റുകള്‍ തന്നെയാണെന്ന് മന്ത്രി വി ശിവൻകുട്ടി.
സര്‍ക്കാരിന്റെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്.
അനാവശ്യ സമരങ്ങളില്‍ നിന്ന് പിന്മാറി ചര്‍ച്ചയുടെ വഴിയിലേക്ക് വരണമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാന്‍ അധികാരം മാനേജ്‌മെന്റുകള്‍ക്കാണ്.
സര്‍ക്കാര്‍ ഈ നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക മാത്രമാണ് ചെയ്യുന്നത്.
ഭിന്നശേഷിക്കാരുടെ നിയമനത്തില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം 2021 മുതല്‍ മാനേജ്‌മെന്റുകള്‍ എന്തു ചെയ്തു എന്ന് വ്യക്തമാക്കണം.
നാലുവര്‍ഷത്തോളം ഒരു നടപടിയും സ്വീകരിക്കാതെ ഇപ്പോള്‍ സര്‍ക്കാരിനെ പഴിചാരുകയാണ്.
കോടതിവിധിയെയും സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറലും നല്‍കിയ നിയമപദേശങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് വിഷയത്തിന് രാഷ്ട്രീയ നീറം ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
അവസരം കിട്ടുമ്പോഴൊക്കെ എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ സ്ഥാനത്തും അസ്ഥാനത്തും പ്രതിഷേധിക്കുന്നവര്‍ തന്നെയാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലും എന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്.
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
അതോടൊപ്പം സ്വകാര്യ മാനേജ്‌മെന്റുകളുടെ നിയമപരമായ അവകാശങ്ങളെയും സര്‍ക്കാര്‍ മാനിക്കുന്നു.
എന്നാല്‍, നിയമം ലംഘിക്കാനുള്ള ഒരു നീക്കത്തെയും അംഗീകരിക്കാന്‍ കഴിയില്ലെന്നും ചര്‍ച്ചകളിലൂടെ കൂട്ടായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ജനാധിപത്യപരമായ രീതിയെന്നും അദ്ദേഹം പറഞ്ഞു.