ഉത്തരവാദിത്വം മാനേജ്‌മെന്റ് ഏറ്റെടുക്കണം; നാളെ മുതല്‍ സമരം ശക്തമാക്കാന്‍ വിദ്യാര്‍ഥികള്‍. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അധികൃതര്‍ വിട്ടു നില്‍ക്കണമെന്നാവശ്യം

 
mirchi



കോതമംഗലം: കോതമംഗലം മാര്‍ അതനിഷ്യസ് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തില്‍ സമരം ശക്തമാക്കാന്‍ വിദ്യാര്‍ഥികള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം കൃത്യമായ പൊലീസ് നടപടികള്‍ വേണമെന്ന് ആവശ്യമുന്നയിച്ചാണ് സമരം ശക്തമാക്കുന്നത്. 


മിച്ചി മര്‍പ്പുവിന്റെ മരണത്തില്‍ കോളജ് അധികൃതര്‍ ഉത്തരവാദിത്വം ഏറ്റെടുക്കണം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം മാനേജ്‌മെന്റ് നല്‍കണം,ഇന്നലത്തെ ചര്‍ച്ചയില്‍ തന്നത് വാക്കാല്‍ ഉള്ള ഉറപ്പു മാത്രമാണെന്നും അത് രേഖാമൂലം ഔദ്യോഗികമായി നല്‍കണമെന്നും നാളെ മുതല്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്നും വിദ്യാര്‍ഥികള്‍ മാനേജ്‌മെന്റിനെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അധികൃതര്‍ വിട്ടു നില്‍ക്കണം എന്നും ആവശ്യമുണ്ട്.


അതേസമയം, യൂണിവേഴ്‌സിറ്റി തലത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരായി കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കിയിരുന്നു. അരുണാചല്‍പ്രദേശില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ ഉന്നത ബിരുദം പൂര്‍ത്തിയാക്കാന്‍ എത്തിയതാണ് മിച്ചി മര്‍പ്പു എന്ന 21 കാരന്‍. സ്വയംഭരണ അവകാശമുള്ള കോതമംഗലം മാര്‍ അതനിഷ്യസ് എന്‍ജിനീയറിങ് കോളജ് പഠനമികവ് ഉയര്‍ത്തുന്നതിന് കൈക്കൊണ്ട് കര്‍ശന നടപടികളാണ് മിച്ചിയുടെ ജീവന്‍ അപഹരിക്കാന്‍ കാരണമായി എന്നാണ് സഹപാഠികളുടെ ആക്ഷേപം.

കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മറ്റെല്ലാ കോളജുകളിലും ക്രെഡിറ്റ് മാര്‍ക്ക് പരിധി 18 എന്നായിരിക്കെ, എം എ എന്‍ജിനീയറിങ് കോളജില്‍ മാത്രം അത് 22 ആണ്. അത് നേടാന്‍ കഴിയാത്തവര്‍ കോളജില്‍നിന്ന് ഇയര്‍ ബാക്ക് ആകും, പഠനം മുടങ്ങും, ഹോസ്റ്റലില്‍ നിന്ന് പുറത്താകും. എന്നാല്‍ ഈ സംവിധാനങ്ങള്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി താല്‍ക്കാലികമായി മരവിപ്പിച്ചതാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്.

Tags

Share this story

From Around the Web