കൂത്താട്ടുകുളത്ത് സുഹൃത്തുക്കളില്‍ നിന്നും വാഹനങ്ങള്‍ കൈക്കലാക്കി പണയം വെച്ചയാള്‍ കുടുംബ സമേതം മുങ്ങി; ഇതുവരെ ലഭിച്ചത് ആറ് പരാതികള്‍, 35 വാഹനങ്ങള്‍ തട്ടിയതായി സൂചന
എറണാകുളം കൂത്താട്ടുകുളത്ത് സുഹൃത്തുക്കളില്‍ നിന്നും വാഹനങ്ങള്‍ കൈക്കലാക്കി പണയം വെച്ചയാള്‍ കുടുംബ സമേതം മുങ്ങിയതായി പരാതി.
തിരുമാറാടി പഞ്ചായത്തിലെ ഒലിയപ്പുറത്ത് താമസിക്കുന്ന കോട്ടയം കിടങ്ങൂര്‍ സ്വദേശി സജന്‍ സാബുവിനെതിരെയാണ് പരാതി. ഇയാള്‍ക്കെതിരെ സമാന രീതിയിലുള്ള ആറ് പരാതികളാണ് കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്.
സുഹൃത്തുക്കളും സഹപാഠികളുമായ നിരവധി പേരില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് അവരുടെ വാഹനങ്ങള്‍ സജന്‍ സാബു ഉപയോഗിക്കാനായി വാങ്ങിയിരുന്നു. വാഹനങ്ങള്‍ തിരികെ ലഭിക്കാതെ വന്നതോടെയാണ് ഉടമകള്‍ പൊലീസില്‍ പരാതി നല്‍കിയത്.
തട്ടിയെടുത്ത വാഹനങ്ങള്‍ സ്വകാര്യ ഫിനാന്‍സ് കമ്പനികളില്‍ പണയം വെച്ചും ഇയാള്‍ പണം വാങ്ങി. സുഹൃത്തുക്കളുടെ വാഹനങ്ങള്‍ കൊണ്ടുപോകാന്‍ സജനും ഭാര്യയും ഒരുമിച്ചാണ് എത്തിയിരുന്നത്.
സൗഹൃദ സംഭാഷണത്തിനു ശേഷം വാഹനങ്ങള്‍ കൊണ്ടുപോയതിനാല്‍ സുഹൃത്തുക്കള്‍ സംശയിച്ചിരുന്നില്ല. തട്ടിയെടുത്ത വാഹനത്തില്‍ ഒരെണ്ണം സജന്‍ കുറവിലങ്ങാട് സ്വദേശിക്ക് മറിച്ചു വിറ്റു.
പിന്നീട് കേടു വന്ന ഈ വാഹനം സജന് പരിചയമുള്ള ഒരു വര്‍ഷോപ്പില്‍ ഏല്‍പ്പിക്കുകയും അവിടെ നിന്നും തട്ടിയെടുക്കുകയും ചെയ്തു.
പരാതിക്കാരുടെ നേതൃത്വത്തില്‍ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് 35 ല്‍ അധികം വാഹനങ്ങള്‍ സജന്‍ തട്ടിയതായാണ് സൂചന.
കിടങ്ങൂര്‍ സ്വദേശിയായ ഇയാള്‍ വര്‍ഷങ്ങളായി ഒലിയപ്പുറത്തുള്ള ഭാര്യ വീട്ടിലാണ് താമസം. സജന്‍, ഭാര്യ അഞ്ജന, കുട്ടികള്‍ എന്നിവരെ കാണ്മാനില്ലെന്ന് കാണിച്ച് ഭാര്യയുടെ മാതാപിതാക്കളും കൂത്താട്ടുകുളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മാതാപിതാക്കളുടെയും വാഹന ഉടമകളുടെയും പരാതികളില്‍ അന്വേഷണം നടന്നുവരികയാണ്. പൊലീസിന്റെ അന്വേഷണത്തില്‍ മൂന്ന് വാഹനങ്ങള്‍ മറ്റ് സ്റ്റേഷന്‍ പരിധികളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മറ്റു സംസ്ഥാനങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.