അയല്‍വാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് വെടിയുതിര്‍ത്തു, സംഭവം കോഴിക്കോട്ട്; അക്രമത്തിന് കാരണം അതിര്‍ത്തി തര്‍ക്കമെന്ന് സൂചന
കോഴിക്കോട്: വെള്ളയിലില്‍ അയല്‍വാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് വെടിയുതിര്‍ത്തു. ഞായറാഴ്ച്ച രാവിലെ വെള്ളയില്‍ ബിജി റോഡിന് അടുത്തുവെച്ചാണ് സംഭവം.
വെള്ളയില്‍ സ്വദേശി ഷിംജിത്ത് (40) ആണ് അയല്‍വാസിയായ ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലത(59)ക്കുനേരെ വെടിയുതിര്‍ത്തത്.
എയര്‍പിസ്റ്റളിന്റെ വെടിയേറ്റ പുഷ്പയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷിംജിത്തിനെ വെള്ളയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അതിര്‍ത്തി തര്‍ക്കമാണ് വെടിവെപ്പിലേക്ക് കലാശിച്ചതെന്നാണ് കരുതുന്നത്. ഞായറാഴ്ച്ച രാവിലെ പുഷ്പലതയും ഷിംജിത്തുമായി തര്‍ക്കമുണ്ടാവുകയും ഷിംജിത്ത് തന്റെ കൈവശമുള്ള എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെക്കുകയുമായിരുന്നു. പുഷ്പലതയുടെ വയറിനാണ് വെടിയേറ്റത്.
ഷിംജിത്ത് വൃത്തിഹീനമായ വിധത്തില്‍ ഇയാളുടെ വീടിന് മുന്‍വശത്തായും പുഷ്പലതയുടെ സ്ഥലത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നും കുതിരലായം കെട്ടി രണ്ട് കുതിരകളെ വളര്‍ത്തിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പിലേക്ക് കലാശിച്ചത് എന്നാണ് കരുതുന്നത്.
മാത്രമല്ല ഷിംജിത്ത് മറ്റ് അയല്‍വാസികളുമായി നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെടാറുണ്ട് എന്നും പരാതിയില്‍ പറയുന്നു. ഷിംജിത്തിന് എയര്‍ പിസ്റ്റള്‍ എവിടെനിന്നാണ് കിട്ടിയെന്ന് അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.