പ്രളയ ജലം നിറഞ്ഞ ആറ്റിലേക്ക് പാലത്തില്‍ നിന്ന് ചാടി സാഹസിക പ്രകടനം.റീല്‍സ് ചിത്രീകണവും തകൃതി.മുന്നറിയിപ്പുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആവശ്യം.
കോട്ടയം: കനത്ത മഴയിൽ പുഴകളും തോടുകളും കരകവിഞ്ഞൊഴുകി നാട് മുഴുവൻ പ്രളയഭീതിയിൽ നിൽക്കുമ്പോഴും, സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് ഒരു കൂട്ടർ. കുത്തിയൊലിച്ചൊഴുകുന്ന ആറ്റിലേക്ക് പാലത്തിൽ നിന്നും ചാടുന്നതിന്റെയും, വെള്ളം കെട്ടിക്കിടക്കുന്ന അപകടകരമായ മേഖലകളിൽ റീൽസ് ചിത്രീകരിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
നാട്ടുകാരും ഫയർഫോഴ്സും പോലീസും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അതൊന്നും വകവെക്കാതെയാണ് ഇത്തരം പ്രകടനങ്ങൾ നടക്കുന്നത്.
അടിത്തട്ടിൽ എന്തുണ്ടെന്നോ വെള്ളത്തിന്റെ ആഴമോ ഒഴുക്കിന്റെ വേഗതയോ അറിയാതെയാണ് ഇത്തരക്കാർ പ്രളയജലത്തിലേക്ക് എടുത്തുചാടുന്നത്.
കോട്ടയം ഇറഞ്ഞാൽ പാലത്തിൽ നിന്നും പ്രളയ ജലം നിറഞ്ഞ ആറ്റിലേക്ക് ചാടി സാഹസിക പ്രകടനം നടത്തുന്ന പ്രദേശവാസിയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രളയജലത്തിലെ ഒഴുക്കും ചെളിയും കാരണം സെക്കൻഡുകൾക്കുള്ളിൽ അപകടം സംഭവിക്കാം.
വെള്ളക്കെട്ടിലെ റീൽസ് ചിത്രീകരണമാണ് മറ്റൊരു കൂട്ടർ ചെയ്യുന്നത്. റോഡുകളിലും പാട ശേഖരങ്ങളിലും വെള്ളം ഉയർന്നതോടെ വാഹനം ഇറക്കിയും അപകടകരമായി നീന്തിയും വീഡിയോ ചിത്രീകരണം തകൃതിയാണ്.
ശക്തമായ ഒഴുക്കുള്ള വെള്ളത്തിൽ പെട്ടാൽ പരിചയസമ്പന്നരായ നീന്തൽക്കാർക്ക് പോലും രക്ഷപ്പെടാൻ സാധിക്കില്ലെന്നിരിക്കെയാണ് ഇത്തരം സാഹസികത. അപകടങ്ങൾ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തകർക്കും നാട്ടുകാർക്കും ഇത് ഇരട്ടി ഭാരമാവുകയാണ് ചെയ്യുന്നത്.
ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസ് എടുക്കണമെന്ന ആവശ്യം ശക്തമാണ്.