മനുഷ്യന്‍ ദൈവവുമായുള്ള കൂട്ടായ്മയ്ക്കായി വിളിക്കപ്പെട്ടവനാണ്; പാപ്പാ

 
leo


യേശുവിന്റെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ വിശുദ്ധ ബലിയര്‍പ്പിക്കുവാന്‍ ഒരുമിച്ചു ചേരുന്നത് ഒരു വലിയ കൃപയാണെന്നു എടുത്തു പറഞ്ഞുകൊണ്ടാണ് ലിയോ പതിനാലാമന്‍ പാപ്പാ തന്റെ വചന സന്ദേശം ആരംഭിച്ചത്.

 തന്റെ അപ്പസ്‌തോലിക യാത്രയിലുടനീളം സാക്ഷ്യം വഹിചാ ജനതയുടെ  വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി പറഞ്ഞുകൊണ്ട്  അവരോടൊപ്പം ഈ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ തനിക്കുള്ള സന്തോഷവും പാപ്പാ പങ്കുവച്ചു.

  സൗന്ദര്യത്തിനും ആതിഥ്യമര്യാദയ്ക്കും പേരുകേട്ട ഈ ദ്വീപ് ഉത്ഥിതനായ കര്‍ത്താവ് നമുക്ക് മുന്‍പേ പോകുന്നതും തന്നെത്തന്നെ വെളിപ്പെടുത്തുന്നതുമായ ഒരിടമായി മാറുന്നുവെന്നു പാപ്പാ പറഞ്ഞു. 

ഈ കടലും ആകാശവും അനന്തതയെ ഓര്‍മ്മിപ്പിക്കുന്നുവെങ്കിലും അവയേക്കാള്‍ ഉന്നതത്തില്‍ നില്‍ക്കുന്നത് ദൈവഹൃദയത്തെയും മനുഷ്യഹൃദയങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആഗ്രഹമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

മനുഷ്യന്റെ സന്തോഷങ്ങളും പ്രത്യാശകളും ദുഃഖങ്ങളും ഉത്കണ്ഠകളും സഭയുടെ ഹൃദയത്തിലും പ്രതിധ്വനിക്കുന്നുവെന്നും അതിനാല്‍ ഒരു മനുഷ്യനും ഒരു ഒറ്റപ്പെട്ട ദ്വീപല്ലെന്നും പാപ്പാ പറഞ്ഞു.

 പുറപ്പെടാനും കണ്ടുമുട്ടാനുമുള്ള ആന്തരികമായ വിളിയാണ് ഹൃദയത്തിന്റെ പ്രത്യേകതയെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ ദൂരത്തിനോ അപകടങ്ങള്‍ക്കോ ഭീഷണികള്‍ക്കോ ഒരാളുടെ ജീവിതയാത്രയെ തടയാനാവില്ല എന്നും എടുത്തു പറഞ്ഞു. 

എന്നാല്‍ മനുഷ്യന്റെ ഈ ചലനാത്മകത പാഴായി പോകാതിരിക്കുവാന്‍ നമുക്ക് വഴി കാണിച്ചുതരുന്നത് യേശുവിന്റെ തിരുഹൃദയമാണെന്ന വസ്തുതയും പാപ്പാ ഓര്‍മ്മപ്പെടുത്തി. 

സ്വജീവന്‍ അപരന് വേണ്ടി നല്‍കുമ്പോള്‍ മാത്രമാണ് അവിടെ ജീവന്റെ ചലനം സംഭവിക്കുന്നത് എന്ന് പറഞ്ഞ പാപ്പാ ഇതാണ് ദൈവം നമുക്ക് കാട്ടിത്തരുന്നതെന്നും ആത്മാര്‍ത്ഥമായ സമര്‍പ്പണത്തിലൂടെയല്ലാതെ ഒരുവന് തന്നെത്തന്നെ പൂര്‍ണ്ണമായി കണ്ടെത്താനാവില്ല എന്നും പാപ്പാ പറഞ്ഞു.

മനുഷ്യഹൃദയം എന്താണ് അന്വേഷിക്കുന്നത്? എന്ന ചോദ്യം ഏറെ പ്രസക്തമാണെന്നും എല്ലാറ്റിനെയും കേവലം കച്ചവടവും ലാഭവുമായി മാത്രം കാണാതിരിക്കുക എന്നത് സുവിശേഷത്താല്‍ നയിക്കപ്പെടുന്നവര്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ അടിവരയിട്ടു. 'ഓരോ നിമിഷവും ഏറ്റവും നന്നായി ആസ്വദിക്കുകയും ജീവിക്കുകയും ചെയ്യുന്നവര്‍ തങ്ങള്‍ക്കില്ലാത്തത് അന്വേഷിച്ച് അലയുന്നത് അവസാനിപ്പിച്ച് ഓരോ വ്യക്തിയെയും ഓരോ വസ്തുവിനെയും വിലമതിക്കാന്‍ പഠിക്കുന്നവരാണ്. ഏറ്റവും ലളിതമായ കാര്യങ്ങളെ സ്‌നേഹിക്കാനും അവയില്‍ സന്തോഷം കണ്ടെത്താനും അവര്‍ പഠിക്കുന്നു. അങ്ങനെ അവര്‍ അസംതൃപ്തി കുറയ്ക്കുകയും തളര്‍ച്ചയും ഉത്കണ്ഠയും അകറ്റുകയും ചെയ്യുന്നു' എന്ന ഫ്രാന്‍സിസ് പാപ്പായുടെ 'ലൗദാത്തോ സി' ചാക്രിക ലേഖനത്തിലെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു.

തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയില്‍ വായിച്ചുകേട്ട സുവിശേഷത്തെ ആധാരമാക്കി യേശുവിന്റെ ജീവിതത്തെയും സത്യത്തെയും കുറിച്ചുള്ള ഒരു വൈരുദ്ധ്യാത്മക സത്യമെന്നത് ദരിദ്രരുടെ ഐശ്വര്യത്തെക്കുറിച്ചുള്ളതാണെന്ന് പാപ്പാ പറഞ്ഞു. 

ബുദ്ധിമാന്മാരില്‍ നിന്നും വിവേകികളില്‍ നിന്നും മറച്ചുവെച്ച് ലോകം നിസ്സാരരായി കരുതുന്ന 'ശിശുക്കള്‍ക്ക്' ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നുവെന്നും ഇത് ദൈവവെളിപാടിലും സഭയുടെ ദൗത്യത്തിലും ദരിദ്രര്‍ക്കുള്ള  സവിശേഷ സ്ഥാനമാണ് എടുത്തു കാണിക്കുന്നതെന്നും പാപ്പാ പറഞ്ഞു. 

മനുഷ്യന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്നവര്‍ക്ക് മുന്നില്‍ ക്രിസ്ത്യാനികള്‍ക്ക് 'അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളവരേ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം' (മത്തായി 11:28) എന്ന് പറയുന്ന കര്‍ത്താവിന്റെ പ്രതിരൂപമാകാന്‍ സാധിക്കണമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

അങ്ങേയറ്റം അരക്ഷിതാവസ്ഥയില്‍ വളര്‍ന്ന് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ പഠിച്ചവര്‍ ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കുന്നവര്‍ ഇരുളടഞ്ഞ നിമിഷങ്ങളില്‍ പരസ്പരം സഹായിക്കുന്നവര്‍  ഇങ്ങനെയുള്ള ദരിദ്രര്‍ നമുക്ക് പകരുന്ന ജ്ഞാനം വളരെ വലുതാണെന്നും  നമ്മുടെ പരാതികളെ അവരുടെ കഷ്ടപ്പാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതം ലളിതമാക്കാന്‍ സാധിക്കുകയുള്ളൂവെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

 'ദൈവം സ്‌നേഹമാണ്; സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു' (1 യോഹന്നാന്‍ 4:16) എന്നതാണ് സുവിശേഷത്തിന്റെ കാതല്‍ എന്നും അതാണ് ക്രിസ്തുവിന്റെ ഹൃദയമെന്നും പറഞ്ഞ പാപ്പാ ഈ സ്‌നേഹത്താല്‍ അപരനോട് ഹൃദയം തുറക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web