റീലെടുക്കാന്‍ കുത്തൊഴുക്കുള്ള നദിയിലേക്ക് വാഹനം ഓടിച്ചിറക്കി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്,സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല
സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാന്‍ വേണ്ടി റീല്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജമ്മു കശ്മീരിലെ സോനമാര്‍ഗില്‍ ഹോട്ടല്‍ സിന്ധ് റിസോര്‍ട്ടിന് സമീപമുള്ള കുത്തൊഴുക്കുള്ള സിന്ധ് നദിയിലേക്കാണ് യുവാക്കള്‍ തങ്ങളുടെ വാഹനം സാഹസികമായി ഓടിച്ചിറക്കിയത്. റീലിനായി ദൃശ്യങ്ങള്‍ പകര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വാഹനം നദിയിലേക്ക് പ്രവേശിപ്പിച്ചത്.
എന്നാല്‍ ശക്തമായ ഒഴുക്കില്‍ വാഹനം നദിയുടെ നടുഭാഗത്ത് കുടുങ്ങിപ്പോകുകയായിരുന്നു. വാഹനം പൂര്‍ണ്ണമായും ഒലിച്ചുപോകാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. വിവരമറിഞ്ഞ് ഉടന്‍ തന്നെ ജമ്മു കശ്മീര്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ഊര്‍ജിതമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിതമായി കരയിലെത്തിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ല.
ഇത്തരം അപകടകരമായ സാഹസികതകള്‍ വരുത്തിവെക്കുന്ന വിനയെക്കുറിച്ച് അധികൃതര്‍ കടുത്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.