മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചവന്റെ കാല്‍ അടിച്ചൊടിച്ച സംഭവം; അറസ്റ്റിലായ പിതാവിന് ജാമ്യം അനുവദിച്ച് കോടതി
തിരുവനന്തപുരം: 13 വയസ്സുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയുടെ കാല്‍ തടിക്കഷണം കൊണ്ട് അടിച്ചൊടിച്ച പിതാവിന് ജാമ്യം. ആറ്റിങ്ങല്‍ മജിസ്ട്രേറ്റ് കോടതിയാണ് പിതാവിന് ജാമ്യം അനുവദിച്ചത്.
അതേസമയം, പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രതിയായ 40-കാരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മകളെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് പിതാവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
ജൂണ്‍ 29 വൈകിട്ട് മൂന്നുമണിയോടുകൂടിയായിരുന്നു സംഭവം നടന്നത്. വാടകയ്ക്ക് താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയം നോക്കി വന്ന അയല്‍വാസിയായ 40-കാരന്‍ കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഈ സമയം സ്ഥലത്തെത്തിയ പിതാവ് അതിക്രമം നേരില്‍ കാണുകയും ഉറക്കെ ബഹളം വെക്കുകയുമായിരുന്നു. ഇതോടെയാണ് പ്രതി കുട്ടിയെ വിട്ടയച്ചത്.
മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതില്‍ പ്രകോപിതനായ പിതാവ് അവിടെ കിടന്ന തടിക്കഷണം എടുത്ത് പ്രതിയുടെ കാല്‍ അടിച്ചൊടിക്കുകയായിരുന്നു.
എന്നാല്‍, മുന്‍വൈരാഗ്യം കാരണം തന്നെ ക്രൂരമായി മര്‍ദ്ദിച്ചതാണെന്ന് കാണിച്ച് പ്രതി പോലീസില്‍ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോത്തന്‍കോട് പോലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.