കെഎസ്ആർടിസി ഡിപ്പോയുടെ പരിസരത്തുനിന്ന് ബസ് മോഷ്ടിച്ചുകൊണ്ടുപോയ യുവാവ് അറസ്റ്റിൽ
പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയുടെ പരിസരത്തുനിന്ന് ബസ് മോഷ്ടിച്ചുകൊണ്ടുപോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മേപ്പറമ്പ് നെല്ലിക്കാട് സ്വദേശി ഫാസിൽ (28) ആണ് അറസ്റ്റിലായത്.
ഏഴിനു പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം. ഡിപ്പോയ്ക്കു സമീപം റോഡരികിൽ പാർക്കു ചെയ്തിരുന്ന ബസ് സ്റ്റാർട്ട് ചെയ്ത് ടൗണിലൂടെ ഓടിച്ചു പോകുകയായിരുന്നു.
അമിതവേഗതയെത്തുടർന്ന് വഴിയിലുള്ള ഒരു കടമുറി ഇടിച്ചുതകർക്കുകയും ബസിന്‍റെ പല ഭാഗങ്ങളും തകരുകയും ചെയ്തിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ട് പ്രതി കടന്നുകളഞ്ഞു. കെഎസ്ആർടിസി ബസ് ഓടിക്കാനുള്ള അതിയായ ആഗ്രഹംകൊണ്ടാണ് ബസ് എടുത്തതെന്നാണു പ്രതി പോലീസിനോട് പറഞ്ഞത്.
ബസ് മോഷ്ടിക്കുമ്പോഴും പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തിൻ്റെ അടുത്ത ദിവസം ടൗണിൽനിന്ന് ഒരു ദോസ്ത് വാഹനം മോഷണം നടത്തിയതും ഫാസിൽ ആണെന്ന് തെളിവു ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രതിക്കെതിരേ മുന്പ് ഇടുക്കി അടിമാലിയിൽ കൊലപാതകശ്രമത്തിനു കേസുണ്ട്. പാലക്കാട് നോർത്ത് സൗത്ത് സ്റ്റേഷനുകളിൽ അടിപിടി, കഞ്ചാവ് കേസുകളിലും പ്രതിയാണ്.