വിശുദ്ധ ഫ്രാൻസിസ് സേവ്യറെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
ഗോവയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഒരു ഹിന്ദു സംഘടനയുടെ പരിപാടിയിൽ വിശുദ്ധനെ "തീവ്രവാദി" എന്ന് വിളിച്ച ഹിന്ദു ആക്ടിവിസ്റ്റും യൂട്യൂബറുമായ ഗൗതം ഖട്ടറിനെയാണ് പോലീസ് പിടികൂടിയത്. ഒളിവിൽ പോയിരുന്ന ഇയാളെ ഹിമാചൽ പ്രദേശിലെ ഹിമാലയൻ താഴ്വരയിൽ നിന്ന് കണ്ടെത്തി ഏപ്രിൽ 26-നാണ് ഗോവയിൽ എത്തിച്ചത്. 'സനാതൻ മഹാസംഘ്' എന്ന സംഘടനയുടെ സ്ഥാപകനായ ഗൗതം ഖട്ടർ, ഏപ്രിൽ 18-ന് ദക്ഷിണ ഗോവയിലെ വാസ്കോയിൽ വെച്ചാണ് വിവാദ പരാമർശം നടത്തിയത്.
'സനാതൻ ധർമ്മ രക്ഷാ സമിതി' സംഘടിപ്പിച്ച പരിപാടിയിൽ ഒരു സംസ്ഥാന മന്ത്രിയുടെയും എം.എൽ.എയുടെയും സാന്നിധ്യത്തിലായിരുന്നു അധിക്ഷേപം. ഇതിനെതിരെ കത്തോലിക്കാ സഭയും വിശ്വാസികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നതോടെ നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് ഗോവ അതിരൂപത വ്യക്തമാക്കി.
ഏപ്രിൽ 20-ന് തന്നെ സഭ വിഷയത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കിയിരുന്നതായി അതിരൂപത സോഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാദർ ബാരി കാർഡോസോ പറഞ്ഞു.