നഗരത്തില്‍ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കി, കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ചുമുറിച്ചു

 
police

കൊച്ചി: നഗരത്തില്‍ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ചുമുറിച്ചു. എറണാകുളം നോര്‍ത്ത് പാലത്തിന് സമീപത്ത് നിന്ന് പോലീസിന്റെ പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്ത മുഹമ്മദ് ഇഖ്ബാലാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ സി.പി.ഒ അജിത് പോളിന് പരിക്കേറ്റു.


പട്രോളിങ് നടത്തുന്നതിനിടെ നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ പ്രതി അക്രമാസക്തനാവുകയും ഉദ്യോഗസ്ഥര്‍ക്ക് നേരെ തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. പ്രതി പോലീസിനെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തുടര്‍ന്ന് നിയമനടപടികളുടെ ഭാഗമായി വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാഹനത്തില്‍ വെച്ച് ഇയാള്‍ സി.പി.ഒ അജിത് പോളിന്റെ കൈത്തണ്ടയില്‍ കടിച്ചുമുറിച്ചത്. 


ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയായിരുന്നു. ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്രതിക്കെതിരെ പോലീസ് കേസെടുത്തു.

Tags

Share this story

From Around the Web