മലയാളി നഴ്സിന് രാജ്യത്തിന്റെ പാര്‍ലമെന്റില്‍ പരസ്യമായി നന്ദി പറഞ്ഞ് മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേല

 
geethu

മലയാളി നഴ്സിന് രാജ്യത്തിന്റെ പാര്‍ലമെന്റില്‍ പരസ്യമായി നന്ദി പറഞ്ഞ് മാള്‍ട്ട പ്രധാനമന്ത്രി റോബര്‍ട്ട് അബേല. തൃശൂര്‍ ചാലക്കുടി മേലൂര്‍ പയ്യപ്പിള്ളി വീട്ടില്‍ ഗീതു ലൂയിസിനെയാണ് പ്രധാനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിനിടെ പ്രശംസിച്ചത്. വിദേശ രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയെയും അര്‍പ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു. 'എന്റെ അച്ഛനും അമ്മയ്ക്കും അസുഖം വന്നപ്പോഴും, എന്റെ മകള്‍ക്ക് പരിചരണം ആവശ്യമായി വന്നപ്പോഴും ഞങ്ങളുടെ സഹായത്തിനെത്തിയത് ഒരു വിദേശ നഴ്‌സായിരുന്നു. ഗീതു എന്നാണ് അവരുടെ പേര്. നന്ദി ഗീതു, നിങ്ങളുടെ സേവനത്തോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു,' എന്ന് പ്രധാനമന്ത്രി അബേല പാര്‍ലമെന്റില്‍ പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചയിലും പൊതുജനക്ഷേമത്തിലും വിദേശ തൊഴിലാളികള്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്ക് എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഗീതു ലൂയിസ് 2018-ല്‍ മാള്‍ട്ടയിലേക്ക് പോകുന്നതിന് മുന്‍പ് കേരളത്തില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ നഴ്‌സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ്-19 മഹാമാരിയുടെ ഘട്ടത്തില്‍ വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരെ പരിശോധിക്കാന്‍ സന്നദ്ധരായ ആരോഗ്യപ്രവര്‍ത്തകരെ അധികൃതര്‍ തേടിയപ്പോള്‍, പലരും മടിച്ചുനിന്ന സാഹചര്യത്തിലാണ് ഗീതു ധൈര്യപൂര്‍വ്വം ആ ദൗത്യം ഏറ്റെടുത്തത്. ഗീതുവിന്റെ കാര്യക്ഷമതയും നേതൃപാടവവും തിരിച്ചറിഞ്ഞ അധികൃതര്‍, രാജ്യത്തുടനീളമുള്ള കോവിഡ്-19 പരിശോധനാ പ്രവര്‍ത്തനങ്ങളുടെ ചുമതല പിന്നീട് അവരെ ഏല്‍പ്പിച്ചു. 32 ആശുപത്രികളിലായി ഏകദേശം 300-ഓളം ആരോഗ്യപ്രവര്‍ത്തകരെ നയിച്ചുകൊണ്ട് മാള്‍ട്ടയിലെ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയായി മാറാന്‍ അവര്‍ക്ക് സാധിച്ചു. ഈ മികച്ച സേവന പാരമ്പര്യമാണ് മുന്‍ മാള്‍ട്ടാ പ്രസിഡന്റും പ്രധാനമന്ത്രി റോബര്‍ട്ട് അബേലയുടെ പിതാവുമായ ജോര്‍ജ്ജ് അബേലയ്ക്ക് ഒരു അപകടത്തില്‍ പരിക്കേറ്റപ്പോള്‍ ഗീതുവിനെ ആ കുടുംബത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രത്യേക പരിചരണത്തിനായി എത്തിച്ചത്. ഏകദേശം ഒരു വര്‍ഷത്തോളം അബേല കുടുംബത്തോടൊപ്പം താമസിച്ച അവര്‍, മുന്‍ പ്രസിഡന്റിനെ പരിചരിക്കുന്നതിനൊപ്പം പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും മകള്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴും വിശ്വസ്തയായ ഒരു താങ്ങായി മാറി.
ബജറ്റ് സമ്മേളനത്തില്‍ ഗീതുവിന്റെ മാതൃകാപരമായ ജീവിതം പങ്കുവെച്ചതിലൂടെ, മാള്‍ട്ടയുടെ ആരോഗ്യമേഖലയുടെ പുരോഗതിയില്‍ വിദേശ പ്രൊഫഷണലുകള്‍ നല്‍കുന്ന അമൂല്യമായ സംഭാവനകള്‍ക്കാണ് പ്രധാനമന്ത്രി അടിവരയിട്ടത്. നിലവില്‍ മകള്‍ ടിയാനയ്ക്കും കുടുംബത്തിനുമൊപ്പം മാള്‍ട്ടയില്‍ തന്നെയാണു ഗീതു താമസിക്കുന്നത്.

Tags

Share this story

From Around the Web