ആണ്‍സുഹൃത്തിന് ശമ്പളം 15,000 മാത്രം; വിവാഹത്തിന് വാശിപിടിച്ച മകളെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
വഡോദര: ഇതര ജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്ന് 21-കാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഖംഭാട്ട് താലൂക്കിലുള്ള മേത്പൂര്‍ ഗ്രാമത്തില്‍ നവംബര്‍ ഒമ്പതിന് പുലര്‍ച്ചെയാണ് സംഭവം. സാനിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് കൗശല്‍കുമാര്‍ പട്ടേലിനെ ഖംഭാട്ട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
നവംബര്‍ ഒമ്പതിന് പുലര്‍ച്ചെ 3.15-ഓടെ വീട്ടിലെ മറ്റ് അംഗങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അടുക്കളയില്‍ വെച്ച് ദുപ്പട്ട ഉപയോഗിച്ച് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരേ ഗ്രാമത്തില്‍ നിന്നുള്ള യുവാവുമായി സാനിയ കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരാണെന്നതും യുവാവിന് 10,000 മുതല്‍ 15,000 രൂപ വരെ മാത്രമാണ് പ്രതിമാസ വരുമാനമുള്ളതെന്നതും ചൂണ്ടിക്കാട്ടി കൗശല്‍കുമാര്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നതായി ഖംഭാട്ട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ജെ. ബന്ത്വ പറഞ്ഞു.
സംഭവദിവസം പുലര്‍ച്ചെയും ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ കൗശല്‍കുമാര്‍ സാനിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി ഇതിന് വിസമ്മതിച്ചതോടെ പ്രകോപിതനായ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇന്‍സ്‌പെക്ടര്‍ പി.ജെ. ബന്ത്വ വ്യക്തമാക്കി. കൊമേഴ്സ് ബിരുദധാരിയായ സാനിയ തുടര്‍പഠനത്തിനായി ഒരു കോഴ്‌സ് ചെയ്തുവരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം
സാനിയ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കുടുംബാംഗങ്ങള്‍ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ മൃതദേഹം പരിശോധിച്ച സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് മരണത്തില്‍ സംശയം തോന്നുകയും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ നിര്‍ദേശിക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് കഴുത്തുഞെരിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. അറസ്റ്റിലായ കൗശല്‍കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു.