ചിലന്തിവിഷത്തില്‍ കാന്‍സര്‍ കോശങ്ങളെ തുരത്താന്‍ പോന്ന അത്ഭുത മരുന്ന് കണ്ടെത്തി മലയാളി ഗവേഷകര്‍
സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച അത്ഭുതങ്ങളെ വെല്ലുന്ന നേട്ടവുമായി മലയാളി ഗവേഷകര്‍. ചിലന്തിയുടെ വിഷത്തില്‍ കാന്‍സര്‍ കോശങ്ങളെപ്പോലും ഫലപ്രദമായി നശിപ്പിക്കാന്‍ ശേഷിയുള്ള പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം തെളിയിക്കുന്നു. പട്ടാമ്പി ഗവ. കോളേജിലെ സുവോളജി വിഭാഗം പ്രൊഫസര്‍ ഡോ. എ.പി. അജയകുമാറിന്റെ നേതൃത്വത്തിലാണ് ലോകശ്രദ്ധ നേടിയ ഈ സുപ്രധാന ഗവേഷണം പൂര്‍ത്തിയായത്.
ഇന്ത്യയില്‍ വ്യാപകമായി കാണപ്പെടുന്നതും കോളനികളായി ജീവിക്കുന്നതുമായ 'സ്റ്റെഗോഡിഫസ് സരസിനോറം' എന്ന ചിലന്തിവര്‍ഗത്തിന്റെ വിഷഗ്രന്ഥിയാണ് ഗവേഷണത്തിനായി തിരഞ്ഞെടുത്തത്.
പാലക്കാട് അട്ടപ്പാടി, കുമ്പിടി, തൃശ്ശൂര്‍ പുല്ലൂറ്റ് എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച ചിലന്തികളെ ഐ.ഐ.ടി. ബോംബെയുള്‍പ്പെടെയുള്ള പ്രമുഖ കേന്ദ്രങ്ങളില്‍ അതിനൂതന വിശകലനങ്ങള്‍ക്ക് വിധേയമാക്കി. അന്താരാഷ്ട്ര ശാസ്ത്ര ജേണലായ 'നെയ്ച്ചര്‍ സയന്റിഫിക്‌സ് റിപ്പോര്‍ട്ട്സി'ന്റെ പുതിയ ലക്കത്തിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചിലന്തിവിഷത്തിന്റെ രാസഘടന പരിശോധിച്ച സംഘം 32 പ്രോട്ടീനുകളും 31 പ്രോട്ടീന്‍ ഘടകങ്ങളും അമിനോ ആസിഡുകള്‍ ഉള്‍പ്പെടെയുള്ള 81 സുപ്രധാന മെറ്റബോളൈറ്റുകളും കണ്ടെത്തി. കാന്‍സര്‍ ഇമ്മ്യുണോ തെറാപ്പിയിലും ആന്റിബയോട്ടിക്കുകളുടെ വികസനത്തിലും നിലവില്‍ ഉപയോഗിച്ചുവരുന്ന നിര്‍ണായക പ്രോട്ടീനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു എന്നത് ഔഷധലോകത്തിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കാന്‍സര്‍ ഗവേഷണങ്ങളില്‍ ഔഷധപരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഡാല്‍ട്ടണ്‍സ് ലിംഫോമ അസൈറ്റീസ് കാന്‍സര്‍ കോശങ്ങള്‍ക്കെതിരേ ഈ വിഷഗ്രന്ഥി മികച്ച കോശനാശകശേഷിയും ഉയര്‍ന്ന ആന്റിഓക്സിഡന്റ് ഗുണങ്ങളും പ്രകടിപ്പിച്ചു.
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ ഗവേഷകരായ വീണ വേണുഗോപാല്‍, എം.കെ. രോഹിത്, ഡോ. വി.എസ്. ബിനിത, ഡോ. അരുണാക്ഷരന്‍ നാരായണന്‍ കുട്ടി, പ്രൊഫ. വൈ. ഷീബു വര്‍ധനന്‍, രാജേഷ് ഉണ്ണത്ത്പാടി, ഡോ. ബിജി പുള്ളിത്തടത്തില്‍, തേജ ബോലിസെട്ടി, ഡോ. രാജ്ദീപ് ദാസ്, ഡോ. സൂധര്‍ രാമവര്‍മ്മ, ഡോ. കെ.എന്‍. ജയരാജ് തുടങ്ങിയ പന്ത്രണ്ടംഗ മലയാളി ഗവേഷക സംഘമാണ് ഈ അഭിമാന നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
കാന്‍സര്‍, ബാക്ടീരിയല്‍ രോഗങ്ങള്‍ എന്നിവയ്ക്കെതിരെയുള്ള ഭാവിയിലെ നൂതന മരുന്നുനിര്‍മാണ രംഗത്ത് ഈ കണ്ടെത്തല്‍ വലിയൊരു വഴിമാറ്റമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.