ബെനഡിക്ട് പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്കായുള്ള കമ്മിറ്റിയിലേക്ക് മലയാളി വൈദികന്‍

 
Benedict

ന്യൂഡൽഹി: ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്കായി വത്തിക്കാന്റെ ജോസഫ് റാറ്റ്സിംഗർ–ബെനഡിക്ട് പതിനാറാമൻ ഫൗണ്ടേഷൻ (ഫോണ്ടാസിയോൺ വത്തിക്കാന ജോസഫ് റാറ്റ്സിംഗർ–ബെനഡെറ്റോ പതിനാറാമൻ) സ്ഥാപിച്ച അന്താരാഷ്ട്ര കമ്മിറ്റിയിലെ അംഗമായി ദൈവശാസ്ത്രജ്ഞനും മലയാളി വൈദികനുമായ റവ. ഡോ. തോമസ് വടക്കേൽ നിയമിതനായി.

ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്റെ ഓഫീസ് സെക്രട്ടറിയാണ് റവ. ഡോ. തോമസ് വടക്കേൽ.

ഗ്രന്ഥകാരനും അധ്യാപകനും വചനപ്രഘോഷകനുമായ റവ. ഡോ. തോമസ് വടക്കേൽ പാലാ രൂപതയിലെ മല്ലികശേരി ഇടവകാംഗമാണ്. ബൽജിയത്തിലെ ലൂവൈൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു വിശുദ്ധ ഗ്രന്ഥത്തിൽ ഡോക്ടർ ബിരുദം നേടിയിട്ടുണ്ട്.

2007 ഡിസംബര്‍ 21നാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ദൈവശാസ്ത്രപരമായ ചിന്തകളെയും രചനകളെയും പഠിക്കാനും പ്രചരിപ്പിക്കാനും റാറ്റ്സിംഗർ ഫൗണ്ടേഷൻ എന്ന പേരില്‍ സംഘടനയ്ക്കു തുടക്കമിടുന്നത്.

ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ദൈവശാസ്ത്ര പ്രബോധനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച ഫൗണ്ടേഷൻ 2027 ഏപ്രിൽ 16-ന് നടക്കുന്ന പാപ്പയുടെ ജന്മശതാബ്ദി ആഘോഷത്തിന് മുന്നോടിയായാണ് നിരവധി സംരംഭങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

ദിവംഗതനായ ബെനഡിക്ട് മാർപാപ്പയുടെ ചിന്തയെയും ദൈവശാസ്ത്ര സംഭാവനയെയും ഉയർത്തിക്കാട്ടുന്ന സമ്മേളനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഗവേഷണ പരിപാടികള്‍, മറ്റ് അനുസ്മരണ പരിപാടികള്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.

Tags

Share this story

From Around the Web