മലയാളി വൈദികന് സതക് അതിരൂപതയുടെ'ചാപ്റ്റര്‍ കാനന്‍'
സതക്: യു.കെയിലെ സതക് അതിരൂപതയുടെ 'ചാപ്റ്റര്‍ കാനന്‍' പദവിയില്‍ മലയാളിയായ റവ. ഡോ. സാജു പിണക്കാട്ടിനെ നിയമിച്ചു. സതക് അതിരൂപതയുടെ ആര്‍ച്ചുബിഷപ് ജോണ്‍ വില്‍സണ്‍ ആണ് നിയമനം നടത്തിയത്. സതക് അതിരൂപത യിലെ ആദ്യ ഇന്ത്യന്‍ ചാപ്റ്റര്‍ കാനനാണ് ഈ വൈദികന്. ബ്രോംലിയിലെ സെന്റ് ജോസഫ്& സെന്റ് സ്വിതുന് കത്തോലിക്ക ഇടവക വികാരിയും ബ്രോംലി ഡീനറിയുടെ ഡീനും സതക് അതിരൂപതയുടെ വൈദിക സമിതിയിലെ അംഗവുമാണ് ഫാ. സാജു പിണക്കാട്ട്.
അതിമെത്രാസനത്തിന്റെ ആത്മീയവും ആരാധനാ ക്രമപരവും അജപാലനപരവുമായ ദൗത്യങ്ങളില്‍ ആര്‍ച്ചുബിഷപ്പിനെ സഹായിക്കുന്നതിനായി കത്തീഡ്രല്‍ ചാപ്റ്ററിലെ അംഗമായി ആര്‍ച്ചുബിഷപ് നിയമിക്കുന്ന വൈദികനെയാണ് 'ചാപ്റ്റര്‍ കാനന്‍' എന്നു വിളിക്കുന്നത്.
ഫാ. സാജുവിന്റെ ചാപ്റ്റര്‍ കാനന്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ആര്‍ച്ചുബിഷപ് ജോണ്‍ വില്‍സണ്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ് പോള്‍ ഹെന്‍ഡ്രിക്സ്, ബിഷപ് ജെറാര്‍ഡ് ബ്രാഡ്ലി, ഡാര്‍ലിംഗ്ടണ്‍ എപ്പിസ്കോപ്പല്‍ വികാരി കാനന്‍ വിക്ടര്‍, കത്തീഡ്രല്‍ ഡീന്‍ മൈക്കിള്‍ ബ്രാഞ്ച,് പ്രോവോസ്റ്റ് കാനോന്‍ ജിം ക്രോണിന് എന്നിവര്‍ സഹകാര്‍മ്മികരായി.
ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ പ്രോട്ടോ സെഞ്ചുലോസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് അടക്കം സീറോമലബാര്‍ വൈദികരും സന്നിഹിത രായിരുന്നു.
കപ്പുച്ചിന്‍ സഭാംഗമായി 2000ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. സാജു തലശേരി അതിരൂപതയിലെ കുടിയാന്മല ഫാത്തിമ മാതാ ഇടവകാംഗങ്ങളായ തോമസ് പിണക്കാട്ടിന്റെയും പരേതയായ മേരി അറക്കപ്പറമ്പിലിന്റെയും മകനാണ്. അസീസി മാസികയുടെ ചീഫ് എഡിറ്റര്‍, ഭരണങ്ങാനം സെറാ ഫിക് സെമിനാരി വൈസ് റെക്ടര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള ഫാ. സാജു യു.കെ സതക് രൂപതയില്‍ നിന്നും വൈദിക സേവനത്തിനായി ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് 2008ലാണ് യു.കെയില്‍ എത്തിയത്.
ഗ്രേറ്റ് ബ്രിട്ടനില്‍ സീറോ-മലബാര്‍ രൂപത സ്ഥാ പിതമാകുന്നതിന് മുമ്പുതന്നെ സീറോ- മലബാര്വി ശ്വാസികളുടെ ആത്മീയവും അജപാലനപരവുമായ മേഖലകളില്‍ ഫാ. സാജു നേതൃത്വം നല്കിപ്പോന്നിരുന്നു. ബ്രോംലിയില്‍ കേന്ദ്രം ആരംഭിക്കുകയും 20011-2018 വരെ സീറോമലബാര്‍ കുര്‍ബാനയുടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജായി അജപാലന ശുശ്രൂഷ നടത്തിയിട്ടുള്ള അച്ചന്, 2018 മുതല്‍ 2024 വരെ ചീമില് സീറോ മലബാര്‍ മിഷന് ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
ഫാ. സാജുവിന് ലഭിച്ച ഈ പദവി കത്തോലിക്കാ സമൂഹത്തിനും പ്രത്യേകിച്ച് മലയാളി വിശ്വാസി സമൂഹത്തിനുമുള്ള അംഗീകാരം കൂടിയാണ്.