വത്തിക്കാനിൽ മലയാളി സന്യാസിനിക്ക് നിർണായക നിയമനം; സിസ്റ്റർ സുജിത സേവ്യർ ഡിക്കാസ്റ്ററി സെക്രട്ടറിയായി ചുമതലയേറ്റു

 
33333

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സുപ്രധാന വിഭാഗമായ 'ഡിക്കാസ്റ്ററി ഫോർ ദ ക്ലർജി'യിൽ മലയാളിയായ സിസ്റ്റർ സുജിത സേവ്യർ സെക്രട്ടറിയായി ചുമതലയേറ്റു. ഒബ്ലെറ്റ് സിസ്റ്റേഴ്സ് ഓഫ് ദ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹാംഗമാണ് സിസ്റ്റർ സുജിത. ഈ വിഭാഗത്തിന്റെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലാണ് സിസ്റ്റർ സുജിത സേവ്യർ നിയമിക്കപ്പെട്ടിരിക്കുന്നത്.

നെയ്യാറ്റിൻകര രൂപതയിലെ ചുള്ളിമാനൂർ തിരുഹൃദയ ഫൊറോന അംഗമാണ് ഇവർ. സഭയിലും സമൂഹത്തിലും സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെച്ചിട്ടുള്ള സിസ്റ്റർ സുജിത നെയ്യാറ്റിൻകര രൂപതയുടെ കീഴിലുള്ള ക്രിസ്തു കിരൺ ബോയ്സ് ഹോമിൽ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഏഴ് വർഷത്തോളം ആഫ്രിക്കയിലെ വിവിധ മിഷൻ കേന്ദ്രങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരളത്തിനകത്തും പുറത്തുമായി വിവിധ മേഖലകളിൽ പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് സിസ്റ്റർ സുജിത വത്തിക്കാനിലെ ഈ ഉന്നത പദവിയിലെത്തുന്നത്. ദൈവത്തിനും സഭയ്ക്കും തന്നിലുള്ള നിയോഗമായി ഈ ഉത്തരവാദിത്തത്തെ കാണുന്നുവെന്നും ഈ നിയമനത്തെ നന്ദിയോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്നുവെന്നും സിസ്റ്റർ സുജിത പറഞ്ഞു. സുമിത സേവ്യറാണ് സിസ്റ്റർ സുജിതയുടെ സഹോദരി. ഇവരും ഒബ്ലെറ്റ് സിസ്റ്റേഴ്സ് ഓഫ് ദ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസ സമൂഹത്തിലെ അംഗമാണ്.

Tags

Share this story

From Around the Web