മധ്യപ്രദേശില്‍ അന്തരിച്ച മലയാളി മിഷ്‌നറി വൈദികന് നാടിന്റെ യാത്രാമൊഴി
വടക്കാഞ്ചേരി: മധ്യപ്രദേശില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച സത്‌ന രൂപതാംഗവും കണക്കന്‍തുരുത്തി രാജഗിരി തിരുഹൃദയ ഇടവകാംഗവുമായ ഫാ. മാര്‍ട്ടിന്‍ പുന്നോലിന്റെ (ബിനോയച്ചന്‍ - 54) സംസ്‌കാര ശുശ്രൂഷകള്‍ ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ കണക്കന്‍തുരുത്തി പള്ളിയില്‍ നടന്നു.
പാലക്കാട് ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപ്പുരയ്ക്കലിന്റെ പ്രധാനകാര്‍മികത്വത്തില്‍ ദിവ്യബലിയോടു കൂടിയായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. സത്‌ന രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കൊടകല്ലില്‍ മൃതസംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. മാര്‍ ജേക്കബ് മനത്തോടത്ത് അനുശോചന സന്ദേശവും നല്‍കി.
സത്‌നാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് ഒറ്റപ്പുരയ്ക്കല്‍, മാര്‍ട്ടിനച്ചന്റെ സഹപാഠി ഫാ. സിജു വടക്കുംചേരി എന്നിവര്‍ സഹകാര്‍മികരായി. ഇന്നലെ രാവിലെ എട്ടു മണിയോടെ സഹോദരന്‍ റോയിയുടെ ആനക്കുഴിപ്പാടത്തുള്ള ഭവനത്തില്‍ കൊണ്ടുവന്ന മൃതദേഹം പ്രാരംഭ ശുശ്രൂഷകള്‍ക്കു ശേഷം പള്ളിയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്നായിരുന്നു പൊതു ദര്‍ശനം ക്രമീകരിച്ചിരുന്നത്. നിരവധി വൈദികരും മറ്റു സമര്‍പ്പിതരും വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികളും സംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുത്തു.