മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഉസ്ബെക്കിസ്താനില്‍ കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശിയായ സഹപാഠി അറസ്റ്റില്‍
ഉസ്ബെക്കിസ്താനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ സഹപാഠിയായ മലയാളി യുവാവ് പിടിയില്‍. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സുപ്രഭാതം ഭവനില്‍ സാവരിയ (22) ആണ് മരിച്ചത്. കേസില്‍ മലപ്പുറം പെരിന്തല്‍മണ്ണ എരുവത്ത് സ്വദേശിയായ സാദുരില്‍ അനാമിനെ (23) ഉസ്ബെക്കിസ്താന്‍ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് സാവരിയ. സാവരിയയും അനാമും തമ്മില്‍ സംസാരിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
തര്‍ക്കത്തിനിടെ പ്രകോപിതനായ പ്രതി ലാപ്‌ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സാവരിയയെ പ്രതി തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ സാവരിയ മരിച്ചു.
ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് അനാമിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.