മഹാരാഷ്ട്രയില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പുണെയില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍.
വട്ടിയൂര്‍ക്കാവ് വലിയവിള സ്വദേശികളായ വിനോദ് ,ഭാര്യ സില്‍ജ, മകള്‍ പൂര്‍ണിമ എന്നിവരെയാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് സൂചന.
കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം. സംസ്‌കാരം പുണയില്‍ തന്നെ നടത്തുമെന്ന് മലയാളം സമാജം പ്രവര്‍ത്തകര്‍ അറിയിച്ചു.
പിംപ്രിയിലെ വീട്ടിലാണ് മൂന്നംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്തെ സ്‌കൂളിലെ അധ്യാപികയാണ് സില്‍ജ. ഏതാനും ദിവസമായി സ്‌കൂളില്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് സ്‌കൂളിലുള്ളവര്‍ അയല്‍വാസികളെ വിവരമറിയിച്ചു.
ഇന്നലെ രാവിലെ വാതില്‍ തള്ളി തുറന്നു പരിശോധിച്ചപ്പോഴാണ് മൂവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മുറിയില്‍ പുകയുടെ സാന്നിധ്യം ശ്രദ്ധിച്ചിരുന്നതായി അയല്‍വാസികള്‍ പറയുന്നു.
വിഷവാതകം ശ്വസിച്ചിരിക്കാം എന്നതാണ് സംശയിക്കുന്നത്. ആശുപത്രിയില്‍ എത്തിക്കും മുമ്പ് തന്നെ വിനോദ് മരിച്ചു. പിന്നാലെ സില്‍ജയും മകള്‍ പൂര്‍ണിമയും മരിച്ചു. ബിരുദ വിദ്യാര്‍ത്ഥിയാണ് പൂര്‍ണിമ. മരണകാരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
ആത്മഹത്യ കുറിപ്പ് കിട്ടിയെന്നു പൊലീസ് പറയുന്നുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു വിനോദ്.
ഇതേ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ താമസിക്കുന്ന മറ്റു മലയാളികളുമായി ഇവര്‍ അടുപ്പം പുലര്‍ത്തിയിരുന്നില്ല. നിലവില്‍ വലിയവിളയിലെ വീട്ടില്‍ താമസക്കാരില്ല.
വിനോദിന്റെ അമ്മ സരസ്വതി സഹോദരിക്കൊപ്പം കോട്ടയത്താണ് താമസിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.