മലയാളി പ്രവാസികൾ സുരക്ഷിതർ! ആശങ്ക വേണ്ടെന്ന് നോർക്ക; 24 മണിക്കൂർ സഹായ കേന്ദ്രം സജീവം
പശ്ചിമേഷ്യയിലെ ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആശങ്കകൾ പരിഹരിക്കാൻ നോർക്കയുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ആരംഭിച്ച 24 മണിക്കൂർ ഹെൽപ്പ് ഡെസ്കിലേക്ക് ഇതുവരെ 381 കോളുകളാണ് ലഭിച്ചത്. ഇതിൽ 137 കോളുകൾ വിദേശത്തുനിന്നും 244 എണ്ണം ഇന്ത്യയിൽ നിന്നുമായിരുന്നു. വിമാന സർവീസുകൾ റദ്ദാക്കിയതും യാത്രാ തടസ്സങ്ങളും സംബന്ധിച്ച വിവരങ്ങളാണ് ഭൂരിഭാഗം പേരും അന്വേഷിച്ചത്. നിലവിൽ ഹെൽപ്പ് ഡെസ്കിൽ ബന്ധപ്പെട്ട എല്ലാ മലയാളി പ്രവാസികളും സുരക്ഷിതരാണെന്ന് നോർക്ക സെക്രട്ടറി ടി.വി. അനുപമ അറിയിച്ചു.
സംഘർഷ മേഖലയിലുള്ള പ്രവാസികൾക്ക് കൃത്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകാനും അടിയന്തര സാഹചര്യങ്ങൾ നേരിടാനും നോർക്ക റൂട്ട്സ് നിരന്തരമായ നിരീക്ഷണം നടത്തിവരികയാണ്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ, ലോക കേരള സഭാംഗങ്ങൾ എന്നിവരുമായി ചേർന്ന് നോർക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ഗൾഫ് മേഖലയിൽ നിന്നുള്ള ഒഴിപ്പിക്കൽ സാധ്യതകളെക്കുറിച്ചും യാത്രാ സുരക്ഷയെക്കുറിച്ചും പ്രവാസികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
അടിയന്തര സഹായം ആവശ്യമുള്ളവർക്കായി നോർക്ക റൂട്ട്സിന്റെ പ്രത്യേക നമ്പറുകൾ പ്രവർത്തനസജ്ജമാണ്.
ഇന്ത്യയിൽ നിന്നുള്ളവർക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലും, വിദേശത്തുള്ളവർക്ക് +91 88020 12345 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയും സഹായം തേടാവുന്നതാണ്.
പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക ഹെൽപ്പ് ഡെസ്ക് സേവനം വരും ദിവസങ്ങളിലും തുടരുമെന്നും എല്ലാ കോളുകളും തുടർനടപടികൾക്കായി കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി വ്യക്തമാക്കി.