മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സമ്മേളനം 27ന് മുളന്തുരുത്തി വെട്ടിക്കൽ മാർ ഗ്രിഗോറിയോസ് നഗറിൽ നടക്കും. സഭയിലേക്ക് പുതിയ നാല് മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കും

 
PRESS

മുളന്തുരുത്തി: മലങ്കര സഭയുടെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള മുളന്തുരുത്തിയിൽ വെച്ച് മലങ്കര ക്രിസ്ത്യാനി അസോസിയേഷൻ്റെ സമ്മേളനം 2026 ഓഗസ്റ്റ് 27ന് നടക്കും. 

മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികവും, മലങ്കര സഭയിൽ പരിശുദ്ധ മൂറോൻ കൂദാശ ആദ്യമായി നടന്നതിന്റെ 150-ാം വാർഷികവും ഒന്നിച്ചു വരുന്ന ഈ വർഷം മുളന്തുരുത്തിയിൽ വച്ച് നടക്കുന്ന മലങ്കര ക്രിസ്ത്യൻ  അസോസിയേഷൻ സമ്മേളനത്തിൽ വച്ച് സഭയിലേക്ക് പുതിയതായി നാലു മെത്രപോലീത്തമാരെ  തിരഞ്ഞെടുക്കും. 

മുളന്തുരുത്തിയ്ക്കും മലങ്കര സഭയ്ക്കും അതീവ പ്രാധാന്യമുള്ള ഈ വാർഷിക പശ്ചാത്തലത്തിൽ നടക്കുന്ന  അസോസിയേഷൻ സമ്മേളനം സഭാ ചരിത്രത്തിൽ  തങ്കലിപികളാൽ എഴുതി ചേർക്കാവുന്ന മറ്റൊരു ഏടാകും  എന്ന് മുളന്തുരുത്തി മാർതോമൻ കത്തീഡ്രൽ പള്ളി വികാരി ഫാ. ജോബ് ഡേവിസ് പറഞ്ഞു.

PRSSS MEET

സമ്മേളനത്തോട് അനുബന്ധിച്ച് അസോസിയേഷൻ്റെ ചരിത്രപരമായ പശ്ചാത്തലവും മുളന്തുരുത്തിയുടെ ആധ്യാത്മിക സാംസ്കാരിക  പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി 2026 ഓഗസ്റ്റ് 21 ഞായറാഴ്ച,  വിശുദ്ധ കുർബാനയ്ക്കുശേഷം,150 പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും ഭക്ഷ്യമേളയും നടക്കും. 

തലമുറകളിലൂടെ പകർന്ന് കിട്ടിയ  ഭക്ഷണ  സംസ്കാരവും, രുചിക്കൂട്ടുകളും  പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യം. 

ഇതോടൊപ്പം മുളന്തുരുത്തി സുന്നഹദോസിനെയും, മലങ്കര സഭയെയും   കുറിച്ചുള്ള  ചരിത്രങ്ങളുടെ  പ്രദർശനവും, പരിശുദ്ധ പരുമല തിരുമേനിയെ  കുറിച്ചുള്ള പുസ്തകങ്ങളുടെ  പ്രദർശനവും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന സമഗ്ര ഹെറിറ്റേജ് പരിപാടിയാണിത്.  

പൈതൃക ഭക്ഷ്യവസ്തുക്കളുടെ ശേഖരം കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവഹിക്കും. ആത്മീയ പൈതൃക വീഥിയുടെ ഉദ്ഘാടനം, മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്ക ബാവ നിർവഹിക്കും.

അസോസിയേഷൻ സമ്മേളനം നടക്കുന്ന വെട്ടിക്കൽ മാർ ഗ്രിഗോറിയോസ് നഗറിൽ പതാക ഉയർത്താനുള്ള കൊടിമരം, ഓഗസ്റ്റ് 24 ന് നൂറുകണക്കിന് വാഹനങ്ങളുടെയും വിശ്വാസികളുടെയും അകമ്പടിയോടെ ഭക്തിപുരസ്സരം   ഘോഷയാത്രയായി സമ്മേളന നഗറിലേക്ക്  കൊണ്ടുപോകും.

കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ, സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ഘോഷയാത്ര,  കൊരട്ടി സിയോൻ സെമിനാരിയിൽ നടക്കുന്ന ചടങ്ങിൽ അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത  ഫ്ലാഗ് ഓഫ് ചെയ്യും.

അങ്കമാലി, ആലുവ, പെരുമ്പാവൂർ മൂവാറ്റുപുഴ, പാമ്പാക്കുട, കോലഞ്ചേരി, തിരുവാങ്കുളം തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുവരുന്ന പതാക  ഘോഷയാത്ര,   മുളന്തുരുത്തി വെട്ടിക്കൽ ദയറായിൽ എത്തിച്ചേരുമ്പോൾ ഇടവകാംഗങ്ങൾ, പ്രായഭേദമെന്യേ  പരമ്പരാഗത വേഷമണിഞ്ഞ്  പതാക ഘോഷയാത്രയെ സ്വീകരിക്കും.

മലങ്കര സഭയിലേക്ക് പുതിയതായി നാല് മെത്രാപ്പോലീത്തമാരെ  തിരഞ്ഞെടുക്കുന്നത്  മുഖ്യ അജണ്ടയായ  അസോസിയേഷൻ സമ്മേളനം 2026 ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ മാർ  ഗ്രിഗോറിയസ് നഗറിൽ നടക്കും.

സഭയുടെ എല്ലാ മെത്രാപ്പോലീത്തമാരും, വൈദികരും, കേരളത്തിനകത്തും പുറത്തുനിന്നുമുള്ള അയ്യായിരത്തോളം സഭാ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.101 അംഗ സംഘാടക സമിതിയാണ്    പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.  
  
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട്  ഉണ്ടാകാത്ത വിധം വാഹന ഗതാഗതം ക്രമീകരിക്കാനായി  പോലീസ്, ട്രാഫിക് വിഭാഗങ്ങളുടെ സേവനം ഉറപ്പാക്കും. വാഹനങ്ങൾ  നിശ്ചിത പാർക്കിംഗ് ഏരിയയിൽ മാത്രം  പാർക്ക് ചെയ്യണമെന്നും, ഓരോ പാർക്കിംഗ് ഏരിയയ്ക്കും QR കോഡ്  ഒരുക്കിയിട്ടുണ്ട് എന്നും അസോസിയേഷന്റെ സമ്മേളന വിശദാംശങ്ങൾ അറിയിക്കാൻ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിൽ മാർതോമൻ  കത്തീഡ്രൽ പള്ളി വികാരി ഫാ. ജോബ് ഡേവിസ് പറഞ്ഞു.

അസി. വികാരിമാരായ ഫാ. സഞ്ജയ് ഏലിയാസ്, ഫാ. സജോ തോമസ്, പള്ളി ട്രസ്റ്റി, റോയ് മ്യാലിൽ, മാനേജിംഗ് കമ്മിറ്റി അംഗം എബിൻ പൊന്നോടത്ത്,  ആഘോഷകമ്മിറ്റി ജോ. കൺവീനർ ജിജി കെ ജോൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Tags

Share this story

From Around the Web