ജറുസലേമില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് പുതിയ മിഷന് തുടക്കമായി
ജറുസലേം: ഇസ്രായലില്‍ വിവിധ സ്ഥലങ്ങളിലായി പാര്‍ക്കുന്ന പ്രവാസികളായ മലങ്കര സുറിയാനി കത്തോലിക്കാ സഭാംഗങ്ങള്‍ക്കായി സെന്റ്. ജോണ്‍ ക്രിസോസ്റ്റം മലങ്കര സുറിയാനി കത്തോലിക്കാ മിഷന്‍ ആരംഭിച്ചു. സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കിസിന്റെ കീഴിലുള്ള ജറുസലേമിലെ സെന്റ് തോമസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് അത്യഭിവന്ദ്യ കര്‍ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മിഷന്‍ ഉദ്ഘാടനം ചെയ്തു.
യേശു ക്രിസ്തുവിന്റെ രക്ഷാകര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വിശുദ്ധ നാട്ടില്‍ സഭയ്ക്ക് ഇപ്രകാരം ഒരു മിഷന്‍ കേന്ദ്രം ഉണ്ടാവുക എന്നത് അനുഗ്രഹവും അഭിമാനകരവും ആണെന്ന് കാതോലിക്കാ ബാവ പറഞ്ഞു. മറ്റ് ഏത് കേന്ദ്രത്തില്‍ നിന്നും വ്യത്യസ്തമായി ജറുസലേമിലെ സഭയുടെ മിഷന്‍ കൂടുതല്‍ പ്രാധാന്യമുളളതും ക്രിസ്തീയ ജീവിതത്തിനും സഭാ ജീവിതത്തിനും ഊര്‍ജ്ജം പകരുന്നതും ആണെന്ന് അത്യഭിവന്ദ്യ ബാവാ തിരുമേനി സൂചിപ്പിച്ചു.
ഫാ.സെബാസ്റ്റ്യന്‍ കുന്നുംപുറത്താണ് പുതിയ മിഷന്റെ ചാപ്ലെയ്ന്‍ . ചടങ്ങില്‍ മേല്‍ക്കൈയ്റ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ ജറുസലേമിലെ പേട്രിയാര്‍ക്കല്‍ വികാര്‍ ആര്‍ച്ച് ബിഷപ്പ് യാസര്‍ അല്‍ അയാഷ് മെത്രാപ്പോലീത്ത , സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഫാ. യൗനാന്‍, സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ റവ. പോള്‍ റമ്പാന്‍, ഫാ. ബ്ലെസി ഇസ്രായേല്‍ മലയാളം കമ്യൂണിറ്റി പ്രതിനിധി ഷൈനി ബാബു മലങ്കര കാത്തലിക്ക് മിഷന്‍ പ്രതിനിധി മഞ്ചു എന്നിവര്‍ പ്രസംഗിച്ചു.
നേരത്തേ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ സമൂഹബലി നടന്നു. 15 ഓളം വൈദീകര്‍ സഹ കാര്‍മ്മികര്‍ ആയിരുന്നു. ഇന്ത്യയില്‍ നിന്നും എത്തി ചേര്‍ന്ന മലങ്കര കത്തോലിക്കാ സഭയുടെ തീര്‍ത്ഥാടക സംഘം ഉള്‍പ്പടെ നൂറോളം പേര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.