മലയോരജനതയുടെ ​ദുരിതം സർക്കാർ തിരിച്ചറിഞ്ഞത് സ്വാ​ഗതാർഹമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ

 
Adv biju oomen

വന്യജീവികൾ മൂലം ജീവനും, സ്വത്തിനും ഭീഷണി നേരിടുന്ന മലയോരജനതയുടെ ​ദുരിതം സർക്കാർ തിരിച്ചറിഞ്ഞത് സ്വാ​ഗതാർഹമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. വന്യജീവി സംരക്ഷണ നിയമഭേ​ദ​ഗതിയെ മലയോര ജനത പ്രതീക്ഷയോടെയാണ് കാണുന്നത്. ഭേദഗതി നടപ്പായാൽ ജനത്തെ ആക്രമിക്കുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് മുന്നിൽ തടസങ്ങളില്ലാതാകും. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെയടക്കം ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തി നിയന്ത്രിക്കാൻ കഴിയും. മലയോരജനതയുടെ പതിറ്റാണ്ടുകളായുള്ള ഈ ആവശ്യങ്ങൾ മുൻപേ നടപ്പായിരുന്നെങ്കിൽ കുറേയധികം മനുഷ്യജീവനുകളെ രക്ഷിക്കാൻ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 300 പഞ്ചായത്തുകൾ മനുഷ്യ-മൃ​ഗ സംഘർഷബാധിതമാണ്. ഇതിൽ 30 പഞ്ചായത്തുകൾ തീവ്ര ഹോട്ട്സ്പോട്ടുകളും. 2015 മുതൽ സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തിൽ ആയിരത്തിലധികം പേർക്കാണ് ജീവൻ നഷ്ടമായത്.

മലയോരജനതയുടെ ജീവിതം എത്രത്തോളം ദുസഹമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ പുതിയ ഭേദ​ഗതി ആശ്വാസകരമാണെന്നും അഡ്വ.ബിജു ഉമ്മൻ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web