എഫ്.സി.ആര്‍.എയില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭ; സംശയങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കാന്‍ അധികാരികള്‍ ബാധ്യസ്ഥരാണെന്നും സഭ
കോട്ടയം : എഫ്.സി.ആര്‍.എയിലെ പുതിയ ചട്ടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ. സര്‍ക്കാരുകളെ വിമര്‍ശിച്ചാല്‍ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടാം എന്ന മുന്നറിയിപ്പ് പരോക്ഷമായി നല്‍കുകയാണോ എന്നു സ്വാഭാവികമായും സംശയിക്കാം.
എഫ്.സി.ആര്‍.എയില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. രാജ്യത്തിന്റെ നിയമത്തിനു വിധേയമായിട്ടാണു പ്രവര്‍ത്തിക്കുന്നത്. അതേസമയം ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കും മുന്‍പു ബന്ധപ്പെട്ടവരുമായി കൂടിയാലോചനകള്‍ നടത്താമായിരുന്നു. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമ്പോഴാണല്ലോ ജനാധിപത്യം ശക്തിപ്പെടുന്നത്. എഫ്.സി.ആര്‍.എ അക്കൗണ്ട് ഉടമകളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെടുന്നത് സംശയാസ്പദവും മൗലിക അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റവുമാണ്.
ബാങ്ക് അക്കൗണ്ടുകളിലൂടെ ക്രയവിക്രയം നടത്തപ്പെടുന്ന സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതിന് പുറമേ പ്രസ്ഥാനങ്ങളുടെ നിലപാടുകളെയും ഓഡിറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണ്.
സര്‍ക്കാരുകളെ വിമര്‍ശിച്ചാല്‍ അക്കൗണ്ട് ഫ്രീസ് ചെയ്യപ്പെടാം എന്ന മുന്നറിയിപ്പു പരോക്ഷമായി നല്‍കുകയാണോ എന്നു സ്വാഭാവികമായും സംശയിക്കാം. സാങ്കേതിക പിശകുകള്‍ സംഭവിച്ചാല്‍പ്പോലും വലിയ തുക പിഴ ഈടാക്കാനുള്ള വ്യവസ്ഥകള്‍ പ്രസ്ഥാനങ്ങളെ തളര്‍ത്തും. സംസ്ഥാനത്തിന് പുറത്തുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു തടസം നേരിടാനുള്ള സാധ്യതകളും പുതിയ ചട്ടത്തില്‍ പ്രകടമാണ്. ഇത്തരം സംശയങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കാന്‍ അധികാരികള്‍ ബാധ്യസ്ഥരാണ്.
ക്രൈസ്തവസഭകള്‍ സംഭാവന ചെയ്തിട്ടുള്ള ആതുരാലയങ്ങളും, വിദ്യാലയങ്ങളും ഈ രാജ്യത്തോടുള്ള സ്‌നേഹത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രതീകങ്ങളാണ്.
സഭകളുടെ ക്രൈസ്തവ ദൗത്യത്തെ സംശയത്തോടെ നിരീക്ഷിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടരുത്. രാഷ്ട്രനിര്‍മ്മാണത്തില്‍ ഏവരെയും പങ്കാളികളാക്കുമ്പോഴാണ് ദേശീയോദ്ഗ്രഥനം അര്‍ത്ഥ പൂര്‍ണമാകുന്നത്. വ്യവസായങ്ങള്‍ക്കും ഖനനത്തിനുമടക്കം നിയമങ്ങള്‍ ലളിതവത്ക്കരിക്കുമ്പോള്‍ മാനവസേവനത്തിനു ചട്ടങ്ങള്‍ കൂച്ചുവിലങ്ങിടുന്നതു ഖേദകരമാണ്. എഫ്.സി.ആര്‍.എ വിഷയത്തില്‍ വിവിധ ക്രൈസ്തവസഭകളുമായി കൂടിയാലോചിച്ചു തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നു സഭാനേതൃത്വം വ്യക്തമാക്കി.