മലങ്കര കത്തോലിക്ക സഭയുടെ 96-ാമത് പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കം,ആതിഥേയത്വം വഹിക്കുന്നത് സെന്റ് എഫ്രേം ഘഡ്കി-പൂന രൂപത
ചെന്നൈ: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ 96-ാമത് പുനരൈക്യ വാര്‍ഷികാഘോഷങ്ങള്‍ക്കു ചെന്നൈ മൊഗപ്പയറിലെ മാര്‍ ഗ്രിഗോറിയോസ് കോളജ് കാമ്പസില്‍ തുടക്കമായി. പുനരൈക്യ സംഗമത്തിന് സെന്റ് എഫ്രേം ഘഡ്കി-പൂന രൂപതയാണ് ആതിഥേയത്വം വഹിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന് മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി.
അയ്യപ്പാക്കത്തുനിന്ന് കൊണ്ടുവന്ന, ധന്യന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസിന്റെ ഛായാചിത്രവും വണ്ടലൂരില്‍നിന്ന് കൊണ്ടുവന്ന ആര്‍ച്ച് ബിഷപ്പ്മാര്‍ തെയോഫിലോസിന്റെ ഛായാചിത്രവും പാടി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയില്‍നിന്നുള്ള കാതോലിക്കേറ്റ് പതാകയും ചടങ്ങില്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് വചനപ്രഭാഷകനായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിച്ച ബൈബിള്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു മലങ്കര കാത്തലിക് അസോസിയേഷന്‍, മലങ്കര കാത്തലിക് മദേഴ്സ് ഫോറം, മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ്, മലങ്കര കാത്തലിക് ചില്‍ഡ്രന്‍സ് ലീഗ് എന്നിവയുടെ സമ്മേളനങ്ങള്‍ വിവിധ വേദികളിലായി നടക്കും. നാളെ ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനായിരിക്കും. മദ്രാസ്-മൈലാപ്പുര്‍ അതിരൂപതാധ്യക്ഷന്‍ ജോര്‍ജ് ആന്റണിസാമി വചനസന്ദേശം നല്‍കും.