മലങ്കര കത്തോലിക്ക സഭയുടെ 95-ാം പുനരൈക്യ വാര്‍ഷിക സഭാ സംഗമം നാളെ അടൂര്‍ ഓള്‍ സെയിന്റ്സ് പബ്ലിക് സ്‌കൂളിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കും

പത്തനംതിട്ട: മലങ്കര കത്തോലിക്ക സഭയുടെ 95-ാം പുനരൈക്യ വാര്‍ഷിക സഭാ സംഗമം സെപ്റ്റംബര്‍ 20ന് അടൂര്‍ ഓള്‍ സെയിന്റ്സ് പബ്ലിക് സ്‌കൂളിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടക്കും.
രാവിലെ 8.15ന് അന്ത്യോക്യന്‍ സുറിയാനി കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് യൂസഫ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കും കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയ്ക്കും മലങ്കര കത്തോലിക്ക സഭയിലെ മെത്രാന്മാര്‍ക്കും സ്വീകരണം നല്‍കും. തുടര്‍ന്ന് ആഘോഷമായ സമൂഹബലി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും.
11.45ന് മാര്‍ ഈവാനിയോസ് മെത്രാഭിഷേക ശതാബ്ദി സമാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും.
മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള, രമേശ് ചെന്നിത്തല എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും. പത്തനംതിട്ട രൂപതയുടെ ആതിഥേയത്തിലാണ് ഈ വര്‍ഷത്തെ പുനരൈക്യ വാര്‍ഷികം നടക്കുന്നത്.