മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ ഫാ. മാത്യു വടക്കേമുറി മെമ്മോറിയൽ മലനാട് ക്ഷീരശ്രീ കാന്‍സി പതക് പുരസ്‌കാരവും 50,000 രൂപ സമ്മാനതുകയും കാളംമ്മാലില്‍ രെഞ്ജി കുര്യാക്കോസിനു സമ്മാനിച്ചു
പാറത്തോട്: മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ അഭിമാനകരമായ ഫാ. മാത്യു വടക്കേമുറി മെമ്മോറിയൽ മലനാട് ക്ഷീരശ്രീ കാന്‍സി പതക് പുരസ്‌കാരവും 50,000 രൂപയും അണക്കര കാളംമ്മാലില്‍ രെഞ്ജി കുര്യാക്കോസിനു സമ്മാനിച്ചു.
മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തിൽ പുരസ്‌കാര വിതരണം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയിലിൻ്റെ സാന്നിധ്യത്തിൽ നിർവഹിച്ചു.
ക്ഷീരമേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം. അണക്കര സംഘാംഗമായ രെഞ്ജി കുര്യാക്കോസിന്റെ വിജയത്തിന് പിന്നിൽ കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ട്.
ഭാര്യ ഷിജിയും വിദ്യാർത്ഥികളായ മക്കളായ സോന, ആദിൽ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ വിജയം സാധ്യമാക്കിയത്. പഠനത്തോടൊപ്പം മക്കളും കൃഷിയിടത്തിൽ സഹായികളായി ഒപ്പമുണ്ട്.

രെഞ്ജിയും കുടുംബവും ചേർന്ന് 17 പശുക്കളും 2 കന്നുകുട്ടികളും ഉൾപ്പെടെ 19 കന്നുകാലികളെ വളർത്തുന്നുണ്ട്. കഴിഞ്ഞ വർഷം ആകെ 62,675 ലിറ്റർ പാൽ രെഞ്ജിയുടെ ഫാമിൽ നിന്ന് സൊസൈറ്റിയിൽ അളന്നു.
മികച്ച പാലുത്പാദനത്തിനായി മലനാട് കാലിത്തീറ്റയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. 12.5 നിലവാരം പുലർത്തുന്ന മികച്ച ഗുണനിലവാരമുള്ള പാലാണ് ഫാമിൽ നിന്നു നൽകുന്നത്.
കുടുംബത്തിന്റെ കഠിനാധ്വാനവും മികച്ച പരിപാലനവും മലനാട് സൊസൈറ്റിയുടെ പിന്തുണയും ചേർന്നുള്ള ഈ വിജയം പ്രദേശത്തെ മറ്റ് കർഷകർക്കും വലിയൊരു മാതൃകയാണ്.