കൊച്ചറയുടെ ക്ഷീര പെരുമ ഉയർത്തിയ റീജ ബിൻസിന് മലനാടിൻ്റെ അംഗീകാരം. മലനാട് മില്ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ മലനാട് ക്ഷീരശ്രീ രജത് പതക് പുരസ്കാരവും സമ്മാന തുകയായ 75,000 രൂപയും റീജ ഏറ്റുവാങ്ങി
പാറത്തോട്: കൊച്ചറയുടെ ക്ഷീരപെരുമ ഉയർത്തിയ റീജ ബിൻസ് മലനാട് മില്ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ 'മലനാട് ക്ഷീരശ്രീ രജത് പതക് പുരസ്കാരവും സമ്മാനത്തുകയായ 75,000 രൂപയും ഏറ്റുവാങ്ങി.
മലനാട് മില്ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ വാര്ഷിക പൊതുയോഗത്തിലാണ് ഈ തിളക്കമാർന്ന അംഗീകാരം റീജയെ തേടിയെത്തിയത്.
കൊച്ചറ സംഘാംഗമായ റീജയുടെ ഈ വിജയം കുടുംബത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമാണ്. ഭർത്താവ് ബിൻസ് ഇമ്മാനുവേൽ കണയങ്കലും സ്കൂൾ വിദ്യാർഥികളായ മക്കൾ ജെറിൻ, മെറിൻ, എറിൻ എന്നിവരുൾപ്പെടുന്ന കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ശക്തി.
കൂട്ടായ്മയോടെയുള്ള പശുപരിപാലനമാണ് ഈ വീട്ടിൽ വിജയം കണ്ടത്. നിലവിൽ ഫാമിൽ 28 പശുക്കൾ, 2 പോത്തുകൾ, 7 കന്നുകുട്ടികൾ എന്നിവയുണ്ട്.

മികച്ച പരിപാലനത്തിലൂടെയും ഗുണനിലവാരമുള്ള തീറ്റ നൽകുന്നതിലൂടെയും മികച്ച ഉത്പാദനമാണ് കൈവരിച്ചത്.
മലനാട് കാലിത്തീറ്റയാണ് പശുക്കൾക്ക് പ്രധാനമായും നൽകുന്നത്. ഇതിലൂടെ പാലിന്റെ ഗുണനിലവാരം 12.4 ആയി നിലനിർത്താനും ഇവർക്ക് സാധിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം മാത്രം 85,044.4 ലിറ്റർ പാൽ അളന്ന് മലനാട് സൊസൈറ്റിക്ക് നൽകി റെക്കോർഡിട്ടു. ഇതിലൂടെ പാൽവിലയായി 36,74,771 രൂപയും ബോണസായി 91,547 രൂപയും കുടുംബത്തിന് വരുമാനമായി ലഭിച്ചു.
തീറ്റച്ചെലവ് കുറയ്ക്കാനും പശുക്കൾക്ക് പോഷകസമൃദ്ധമായ ആഹാരം ഉറപ്പാക്കാനുമായി ഒന്നരയേക്കർ സ്ഥലം പാട്ടത്തിനെടുത്ത് വിപുലമായ തോതിൽ പുൽകൃഷിയും ഇവർ നടത്തിവരുന്നുണ്ട്.
പുരസ്കാര വിതരണം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല് സൊസൈറ്റി ഡയറക്ടര് ഫാ. തോമസ് മറ്റമുണ്ടയിലിൻ്റെ സാന്നിധ്യത്തിൽ നിർവഹിച്ചു.