ലക്ഷം രൂപയുടെ 'മലനാട് ക്ഷീരശ്രീ സ്വർൺ പതക് പുരസ്കാരം' നെറ്റിത്തൊഴു വയലാറ്റുപുത്തൻപുരയ്ക്കൽ റെജി കുര്യൻ ഏറ്റുവാങ്ങി. റെജിയുടെ ഫാമിൽ നിന്ന് കഴിഞ്ഞ വർഷം മാത്രം 71,359.5 ലിറ്റർ പാലാണ് അളന്നത്
പാറത്തോട്: മലനാട് മിൽക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ഈ വർഷത്തെ ഫാ. മാത്യു വടക്കേമുറി മെമ്മോറിയൽ 'മലനാട് ക്ഷീരശ്രീ സ്വർൺ പതക് പുരസ്കാരം' നെറ്റിത്തൊഴു വയലാറ്റുപുത്തൻപുരയ്ക്കൽ റെജി കുര്യന് സ്വന്തം.
മലനാട് മില്ക്ക് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെ വാര്ഷിക പൊതുയോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ സൊസൈറ്റി ഡയറക്ടര് ഫാ. തോമസ് മറ്റമുണ്ടയില് എന്നിവരിൽ നിന്ന് റെജി പുരസ്കാരം ഏറ്റുവാങ്ങി.
മലനാട് സംഘത്തിലെ സജീവ അംഗമായ റെജി കുര്യന്റെയും കുടുംബത്തിന്റെയും കഠിനാധ്വാനത്തിനും മാതൃകാപരമായ പ്രവർത്തനത്തിനുമുള്ള അർഹമായ അംഗീകാരമാണ് ഈ പുരസ്കാരം.
കുടുംബത്തിന്റെ കൂട്ടായ പരിശ്രമം
ഭാര്യ ഡെസി മാത്യുവും മക്കളായ അബിന മരിയ, ലിബിന മരിയ എന്നിവരും അടങ്ങുന്ന കുടുംബത്തിന്റെ പൂർണ്ണ പങ്കാളിത്തത്തോടെയാണ് ഈ വിജയം നേടിയെടുത്തത്.
കുടുംബാംഗങ്ങളുടെ കൂട്ടായ കഠ്നാധ്വാനമാണ് പശുപരിപാലന രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഇവർക്ക് തുണയായത്.
19 പശുക്കളും 4 കന്നുകുട്ടികളും ഉൾപ്പടെ നിലവിൽ 23 കന്നുകാലികളാണ് റെജിയുടെ ഫാമിലുള്ളത് . മികച്ച പരിപാലനത്തിലൂടെ ഉയർന്ന ഉൽപ്പാദനക്ഷമതയാണ് ഫാം കാത്തുസൂക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം മാത്രം 71,359.5 ലിറ്റർ പാലാണ് ഇദ്ദേഹത്തിൻ്റെ ഫാമിൽ നിന്നും സൊസൈറ്റിയിലേക്ക് അളന്നത്.
ഇതിലൂടെ പാൽവിലയായി 31,97,756 രൂപയും ബോണസായി 86,339 രൂപയും വരുമാനം നേടി. പാലിന്റെ ഗുണനിലവാരം 12.8 നിലനിർത്താനും ഇവർക്ക് സാധിക്കുന്നുണ്ട്.
തീറ്റക്രമവും പുൽകൃഷിയും
പശുക്കളുടെ ആരോഗ്യവും ഉയർന്ന പാൽ ഉൽപ്പാദനവും ലക്ഷ്യമിട്ട് മലനാട് കാലിത്തീറ്റയാണ് ഇവർ പ്രധാനമായും നൽകുന്നത്.
കൂടാതെ, പശുക്കൾക്ക് ആവശ്യമായ പോഷകാഹാരം ഉറപ്പാക്കുന്നതിനായി ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് വിപുലമായ രീതിയിൽ പുൽകൃഷിയും നടത്തിവരുന്നു.