മലബാര്‍ എക്‌സ്പ്രസിലെ ജനറല്‍ കോച്ച് വെട്ടിക്കുറച്ച് റെയില്‍വേ

 
train

തിരുവനന്തപുരം: വീണ്ടും മലയാളികളോട് റെയില്‍വേയുടെ കൊടുംചതി. മലബാറിലേക്കും തിരിച്ചും തെക്കന്‍ കേരളത്തിലേക്കും ഏറെ യാത്രക്കാരുള്ള മലബാര്‍ എക്‌സ്പ്രസിലെ ജനറല്‍ കോച്ച് വെട്ടിക്കുറച്ച് റെയില്‍വേ.

 പുറകുവശത്തെ രണ്ട് ജനറല്‍ കോച്ചുകളില്‍ ഒരെണ്ണമാണ് വെട്ടിക്കുറച്ചത്. വൈകിട്ട് 6.40ന് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടുന്ന മലബാര്‍ എക്‌സ്പ്രസില്‍ ജനറല്‍ കോച്ചുകളില്‍ യാത്രക്കാര്‍ തിങ്ങിനിറഞ്ഞാണ് പോകുന്നത്.

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുമ്പോള്‍ തന്നെ ജനറല്‍ കോച്ചുകള്‍ നിറഞ്ഞുകവിയും. ട്രെയിന്‍ കൊല്ലം എത്തുമ്പോഴേക്കും, കോച്ചില്‍ യാത്രക്കാര്‍ക്ക് കയറാന്‍ പോലും കഴിയാത്ത അത്ര തിരക്കാണ് അനുഭവപ്പെടുന്നത്. 

ഈ സാഹചര്യത്തില്‍ ഒരു ജനറല്‍ കോച്ച് വെട്ടിക്കുറച്ചത്, മലബാര്‍ എക്‌സ്പ്രസിലെ യാത്ര കൂടുതല്‍ ദുസഹമാക്കുമെന്ന് യാത്രക്കാര്‍ പറയുന്നു.

ജീവനക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പടെ ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രെയിനാണ് മലബാര്‍. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.45ന് വഞ്ചിനാട് പോയിക്കഴിഞ്ഞാല്‍ കോട്ടയം ഭാഗത്തേക്കുള്ള ട്രെയിന്‍ കൂടിയാണ് മലബാര്‍.

 ഇതിന് കൂടുതല്‍ സ്ഥലങ്ങളില്‍ സ്റ്റോപ്പ് ഉള്ളതിനാല്‍ മംഗലാപുരം ഭാഗത്തേക്ക് പിന്നീട് പുറപ്പെടുന്ന മാവേലി എക്‌സ്പ്രസിനേക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നതും മലബാറിനെയാണ്.


എല്ലാത്തിനും പുറമെ റിസര്‍വേഷന്‍ ഒരു മാസം മുമ്പ് തന്നെ മലബാറില്‍ വെയിറ്റിങ് ലിസ്റ്റ് ആകാറുണ്ട്. തെക്കന്‍ കേരളത്തില്‍നിന്ന് മലബാറിലേക്കും തിരിച്ചുമുള്ള യാത്രാദുരിതം പരിഹരിക്കാന്‍ റെയില്‍വേ ആവശ്യമായ നടപടി എടുക്കാറില്ലെന്ന് യാത്രക്കാര്‍ പറയുന്നു. അതിനിടെയാണ് സാധാരണക്കാര്‍ ആശ്രയിക്കുന്ന ജനറല്‍ കോച്ച് വെട്ടിക്കുറച്ച നടപടി. ഈ സാഹചര്യത്തില്‍ എത്രയും വേഗം മലബാര്‍ എക്‌സ്പ്രസില്‍ വെട്ടിക്കുറച്ച ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

Tags

Share this story

From Around the Web