ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശം, മേജർ രവിക്ക് പ്ലസ് ടു വിദ്യാർഥിനിയുടെ വക്കീൽ നോട്ടീസ്
ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ സംവിധായകനും നടനുമായ മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർഥിനിയായ മാളവികയാണ് അഡ്വക്കേറ്റ് മുഖേന നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം പരാമർശം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും, അധിക്ഷേപ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സംഘ്പരിവാർ അനുകൂലികളിൽ നിന്നും വിസ്മയക്ക് കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നു. തൊട്ടുപിന്നാലെ വിസ്മയയെയും സമരക്കാരെയും വിമർശിച്ച് മേജർ രവി രംഗത്തെത്തുകയായിരുന്നു.
വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് കാര്യമായ രാഷ്ട്രീയ വിദ്യാഭ്യാസമില്ലെന്നായിരുന്നു രവിയുടെ പ്രതികരണം. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ മർദിക്കുന്നത് കണ്ടപ്പോൾ മനുഷ്യത്വപരമായ വികാരത്തിന്റെ പുറത്താണ് വിസ്മയ പോസ്റ്റിട്ടതെന്നും, എന്നാൽ അതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് ആ കുട്ടിക്ക് അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. സമരത്തിന് പിന്നിൽ വിദേശ ഗൂഢാലോചനയുണ്ടെന്നും മേജർ രവി ആരോപിച്ചിരുന്നു. സമരത്തിൽ കുട്ടികൾ കുറവായിരുന്നെന്നും പകരം കല്ലേറുകാരാണ് കൂടുതലുണ്ടായിരുന്നതെന്നും അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ഈ പരാമർശങ്ങൾക്കെതിരെയാണ് ഇപ്പോൾ നിയമനടപടിയുമായി വിദ്യാർഥിനി രംഗത്തെത്തിയിരിക്കുന്നത്.