സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് എഴുപതിന്റെ നിറവിൽ

 
Rafel thattil

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് എഴുപതിന്റെ നിറവിൽ. തൃശ്ശൂർ പുത്തൻപള്ളി തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21-നായിരുന്നു ജനനം. 1980 ഡിസംബർ 21-ന് തൃശ്ശൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പിതാവിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

തൃശ്ശൂർ അതിരൂപതയുടെ വൈസ് ചാൻസലറായും അഭിവന്ദ്യ കുണ്ടുകുളം പിതാവിന്റെ സെക്രട്ടറിയായും, മതബോധന കേന്ദ്രം ഡയറക്ടറായും, അതിരൂപത ചാൻസലറായും മേരിമാതാ മേജർ സെമിനാരിയുടെ പ്രഥമ റെക്ടറായും, തൃശ്ശൂർ അതിരൂപതയുടെ വികാരി ജനറാളായും സേവനം ചെയ്തതിനുശേഷമാണ് 2010 ഏപ്രിൽ 10നു അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായത്. 'വിഭജിക്കപ്പെടാനും പങ്കുവെക്കപ്പെടാനും' എന്നതായിരുന്നു മാർ റാഫേൽ തട്ടിൽ പിതാവിന്റെ ആപ്തവാക്യം. 2014-ൽ ഇന്ത്യയിലെ മറ്റൊരു സീറോമലബാർ രൂപതയുടെയും ഭാഗമല്ലാത്ത പ്രദേശങ്ങളിലെ അപ്പസ്തോലിക് വിസിറ്റേറ്ററായും, 2017-ൽ പുതുതായി സ്ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായും ഫ്രാൻസിസ് മാർപാപ്പ തട്ടിൽ പിതാവിനെ നിയമിച്ചു.

കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് വിരമിച്ച സാഹചര്യത്തിലാണ് സീറോമലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച്ബിഷപ്പായി അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവ് തിരഞ്ഞെടുക്കപ്പെട്ടത്.

2024 ജനുവരി 11 നായിരുന്നു സ്ഥാനാരോഹണം. ഇന്ന് ( ഏപ്രിൽ 21 ചൊവ്വ ) രാവിലെ സഭാ ആസ്ഥാനത്ത് പിതാവ് വിശുദ്ധ കുർബാനയർപ്പിക്കും. വൈകിട്ട് ലളിതമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ചടങ്ങിൽ പിതാവിന് എഴുപതാം പിറന്നാൾ ആശംസകളർപ്പിക്കും.

Tags

Share this story

From Around the Web