ബിഷപ്പ് തോമസ് മേനാംപറമ്പില്‍ തീക്ഷ്ണമതിയായ മിഷ്ണറി: അനുസ്മരണവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍

 
BISHOP RAFEL THATTIL

കൊച്ചി: ക്രിസ്തുവിന്റെ സുവിശേഷത്തിനു ഉത്സാഹപൂര്‍വ്വം സാക്ഷ്യംവഹിച്ച തീക്ഷ്ണമതിയായ മിഷ്ണറിയായിരുന്നു ഗുവാഹത്തി അതിരൂപതയുടെ അന്തരിച്ച പ്രഥമ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മേനാംപറമ്പിലെന്നു സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. ക്രിസ്തുസമാനമായ സ്‌നേഹത്തോടെ വടക്കുകിഴക്കന്‍ ഇന്ത്യയിലെ ജനങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം നടത്തിയ നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ സഭാ ചരിത്രത്തിലെ സുവര്‍ണ ഏടുകളാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു.

സുവിശേഷ പ്രഘോഷണത്തോടൊപ്പം വിവിധ സംസ്‌കാരങ്ങളെയും ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ച ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയായും സംഘര്‍ഷ ഭൂമികളില്‍ സമാധാനത്തിന്റെ ദൂതനായും അദ്ദേഹം ലോകത്തിന് മാതൃകയായി. തന്റെ ലളിതമായ ജീവിതശൈലിയിലൂടെയും ആഴമേറിയ പാണ്ഡിത്യത്തിലൂടെയും സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും.

താന്‍ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്ത കര്‍ത്താവിന്റെ സന്നിധിയില്‍ ആര്‍ച്ച് ബിഷപ്പ് മേനാംപറമ്പിലിനു ശാന്തിയും നിത്യസമ്മാനവും ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്ന ഗുവാഹത്തി അതിരൂപതാംഗങ്ങളുടെയും സലേഷ്യന്‍ സന്യാസ സമൂഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മാര്‍ റാഫേല്‍ തട്ടില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags

Share this story

From Around the Web