കെനിയയില്‍ കത്തോലിക്കാ വൈദികനെ കൊലപ്പെടുത്തിയ പ്രധാന പ്രതി അറസ്റ്റില്‍

 
father alloys


കെനിയന്‍ കത്തോലിക്കാ വൈദികന്‍ ഫാദര്‍ അലോയ്‌സ് ചെറൂയിയോട്ട് ബെറ്റിന്റെ കൊലപാതകത്തിലെ പ്രധാന പ്രതിയെ കെനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കെരിയോ വാലിയിലുള്ള ടോട്ട് (Tot) മേഖലയില്‍ വച്ചാണ് വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതേ പ്രദേശത്ത് നടന്ന ഒരു ഭൂമി തര്‍ക്കത്തിനിടയില്‍ മറ്റൊരാളെ അമ്പെയ്തു കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രധാന പ്രതിയായ മെഷാക്ക് കിലിമോ പൊലീസിന്റെ പിടിയിലാകുന്നത്.

വൈദികന്റെ കൊലപാതകക്കേസിലെ പ്രധാന പ്രതിയുടെ അറസ്റ്റ് കെരിയോ വാലി ഈസ്റ്റ് ഡിസ്ട്രിക്റ്റ് പൊലീസ് മേധാവി സാബ്ലോണ്‍ ഒക്കോയോ സ്ഥിരീകരിച്ചു. പ്രതിയെ നിലവില്‍ ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മെഷാക്ക് കിലിമോയെ ഇറ്റെ നഗരത്തിലെ കോടതിയില്‍ ഹാജരാക്കി. ''ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ (DCI) ഈ കേസ് അന്വേഷിച്ചുവരികയാണ്. പ്രതിക്ക് വൈദികന്റെ കൊലപാതകവുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. ഇതിനുശേഷമായിരിക്കും ഉചിതമായ നടപടികള്‍ സ്വീകരിക്കുക,'' പൊലീസ് മേധാവി പറഞ്ഞു.


2025 മെയ് 22-ന് കക്ബികെന്‍ ഗ്രാമത്തിലെ കൂട്ടായ്മയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം മടങ്ങുമ്പോഴാണ് തോക്കുധാരികളായ അക്രമികള്‍ ഫാദര്‍ ബെറ്റിനെ വെടിവച്ചു കൊന്നത്. ജൂണ്‍ മൂന്നിന് വൈദികന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന മറ്റ് രണ്ട് പുരുഷന്മാരുടെ മൃതദേഹങ്ങള്‍ നകുരു (Nakuru) ജില്ലയിലെ മോഗോട്ടിയോയ്ക്കും കിപ്തുനോയ്ക്കും ഇടയിലുള്ള റോഡരികില്‍ കണ്ടെത്തുകയുണ്ടായി.

മെയ് 30 മുതല്‍ ഇവരെ കാണാനില്ലെന്ന് കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. തങ്ങളുടെ ബന്ധുക്കളുടെ കൊലപാതകത്തിന് വൈദികന്റെ മരണവുമായി ബന്ധമുണ്ടെന്നാണ് ഇവരുടെ കുടുംബങ്ങള്‍ ആരോപിക്കുന്നത്. കൊല്ലപ്പെട്ട സൈമണ്‍ യേഗോ (45), കോളിന്‍സ് കിപ്യാറ്റിച്ച് (22) എന്നിവരെ മെയ് 30 രാവിലെ ടോട്ട് ഗ്രാമത്തില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. ഇതേ ഗ്രാമത്തില്‍ വച്ചാണ് മെയ് 22-ന് ഫാദര്‍ ബെറ്റും കൊല്ലപ്പെടുന്നത്.

മരണത്തിന് മുമ്പ് ഇരുവര്‍ക്കും നേരെ ക്രൂരമായ പീഡനങ്ങള്‍ നടന്നിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ക്രിമിനല്‍ സംഘങ്ങളുടെ സാന്നിധ്യം മൂലം ഇതിനകം തന്നെ കടുത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഈ മേഖലയില്‍, ഈ രണ്ട് യുവാക്കളുടെ മരണം വൈദികന്റെ കൊലപാതകക്കേസിലെ നിഗൂഢതകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

Tags

Share this story

From Around the Web