മഹാരാഷ്ട്രയിലെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍
മുംബൈ: ശക്തമായ എതിര്‍പ്പുകള്‍ മറികടന്നു രാജ്യത്ത് ന്യൂനപക്ഷ വേട്ടകള്‍ക്ക് ആക്കംകൂട്ടി മഹാരാഷ്ട്രയിലെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍. നിയമം പൂര്‍ണ്ണതോതില്‍ നടപ്പിലാകുന്നതോടെ കടുത്ത ആശങ്കയിലാണ് മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലെ ക്രൈസ്തവ സമൂഹങ്ങള്‍. നിയമത്തിന്റെ മറവില്‍ പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ക്ക് നേരെ വലതുപക്ഷ സംഘടനകള്‍ ആക്രമണം നടത്തുമോയെന്ന ആശങ്ക ശക്തമാണ്.
വസി, വിരാര്‍, മീരാ-ഭയന്ദര്‍, താനെ, പാല്‍ഘര്‍ തുടങ്ങിയ പ്രദേശങ്ങളിലെ പ്രാര്‍ത്ഥനാ ഹാളുകളില്‍ എത്തുന്ന വിശ്വാസികളോട് ഇപ്പോള്‍ പുതിയൊരു ഫോം പൂരിപ്പിച്ചു നല്‍കാന്‍ പ്രൊട്ടസ്റ്റന്റ് പാസ്റ്റര്‍മാര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വിധേയരാകാതെ, പൂര്‍ണമായും സ്വന്തം 'ഇഷ്ടപ്രകാരമാണ്' പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നത് എന്ന് വ്യക്തമാക്കുന്ന 'സ്വയം സാക്ഷ്യപത്രമാണ്' ഇത്. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാറോ പാന്‍ നമ്പറോ സഹിതമാണ് വിശ്വാസി സമൂഹം ഈ ഫോമില്‍ ഒപ്പിട്ടുനല്‍കുന്നത്.