മഹാരാഷ്ട്ര പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ച്ച; മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ് സെന്റര്‍ ഉടമ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍
മഹാരാഷ്ട്ര പിഎസ്സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ് സെന്റര്‍ ഉടമയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. പരീക്ഷയ്ക്ക് മുന്‍പ് ചോദ്യങ്ങള്‍ വിറ്റുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. എംപിഎസ് സി അണ്ടര്‍ സെക്രട്ടറി അഭിജിത് ഗണ്‍പത്റാവു, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍മാരായ വിശ്വേശ്വര്‍ ദത്താത്രേയ, ഗോപാല്‍ ഭട്ടു,കോച്ചിംഗ് സെന്റര്‍ ഉടമ പ്രവീണ്‍ ദിലീപ് പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 22ന് നടന്ന ഡ്രഗ് ഇന്‍സ്‌പെക്ടര്‍ പരീക്ഷാ ചോദ്യപേപ്പറായിരുന്നു ചോര്‍ന്നത്.
പരീക്ഷാ നടപടികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപിക്കപ്പെടുന്ന സംഭവം പുറത്തറിഞ്ഞത്. ഇതിനെത്തുടര്‍ന്ന്, പ്രോപ്പര്‍ട്ടി സെല്ലിലെ പൊലീസ് ഇന്‍സ്പെക്ടര്‍ മങ്കേഷ് ഗണ്‍പത്റാവു ദേശായിയുടെ പരാതിയില്‍ ഓഗസ്റ്റ് 25-ന് കൊളാബ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
പരീക്ഷാ സംവിധാനത്തില്‍ നിന്ന് രഹസ്യ സ്വഭാവമുള്ള ചോദ്യങ്ങള്‍ പുറത്തേക്ക് എത്തിയത് ഏത് വഴിയാണെന്ന കൃത്യമായ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കോച്ചിംഗ് സ്ഥാപനത്തിന്റെ പങ്കിനെക്കുറിച്ചും, ചോര്‍ന്ന ചോദ്യങ്ങള്‍ സാമ്പത്തികമോ അല്ലാത്തതോ ആയ നേട്ടങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്കോ ??മറ്റുള്ളവര്‍ക്കോ കൈമാറിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ മാറ്റിവെച്ചിരുന്നു. ആറ് ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളെയാണ് ഇത് ബാധിച്ചത്. യുവാക്കളുടെ രോഷവും പ്രതിഷേധവും കടുത്തതോടെ അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു.