മഹാരാഷ്ട്രയില്‍ വരാന്‍ പോകുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ പ്രതിഷേധവുമായി സംസ്ഥാനത്തെ ക്രൈസ്തവര്‍

മുംബൈ: കര്‍ശന വ്യവസ്ഥകളോടെ മഹാരാഷ്ട്രയില്‍ വരാന്‍ പോകുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ പ്രതിഷേധവുമായി സംസ്ഥാനത്തെ ക്രൈസ്തവര്‍.
ഡിസംബറിലെ നിയമസഭാ സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കുന്നത്.
ഓരോ ഇന്ത്യക്കാരനും സ്വന്തം മതവിശ്വാസമനുസരിച്ച് ജീവിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നു മുംബൈ സഹായ മെത്രാന്‍ സാവിയോ ഫെര്‍ണാണ്ടസ് പറഞ്ഞു.
ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും അവകാശമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്ന വ്യക്തികളെ ശിക്ഷിക്കുന്നത് മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മതത്തെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍നിന്ന് സംസ്ഥാന നിയന്ത്രണത്തിലേക്ക് ചുരുക്കുകയാണ് ഇതിലൂടെ സംഭവിക്കുന്നതെന്ന് ബിഷപ് ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയാര്‍ പുതിയ ബില്ലിലെ ചില വ്യവസ്ഥകളെക്കുറിച്ച് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ മതപരിവര്‍ത്തന നിരോധന നിയമം നിലവിലുള്ള മറ്റ് 12 സംസ്ഥാനങ്ങളിലേക്കാള്‍ കര്‍ശനമായ നിയമം തയ്യാറാക്കാന്‍ സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറലിന്റെ കീഴില്‍ പാനല്‍ രൂപീകരിച്ചിട്ടുണ്ടെന്നും ഡിസംബറിലെ നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാജസ്ഥാനില്‍ നിലവില്‍ ഉണ്ടായിരുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കടുത്ത വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തത് കഴിഞ്ഞ മാസമായിരുന്നു. പാക്കിസ്ഥാനിലെ മതനിന്ദാ കുറ്റത്തെയും നാണിപ്പിക്കുന്ന വിധത്തിലാണ് പുതിയ വ്യവസ്ഥകള്‍.
ജീവപര്യന്തം തടവ്, ഒരു കോടി രൂപ പിഴ, കൂട്ട മതപരി വര്‍ത്തനമാണെങ്കില്‍ സ്വത്തു കണ്ടുകെട്ടല്‍ എന്നിവയാണ് നിയമ ത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം എന്നാണ് പേരെങ്കിലും ഈ നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ട ആരും ബലമായി മതപരിവര്‍ത്തനം നടത്തിയവര്‍ ആയിരുന്നില്ല.
മറിച്ച്, സ്വന്തം വീട്ടില്‍ പ്രാര്‍ത്ഥന നടത്തിയവരും ദേവാലയങ്ങളിലെ പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുത്തവരുമായിരുന്നു. അതുകൊണ്ടാണ് പുതിയ ബില്ലിനെതിരെ ക്രൈസ്തവര്‍ പ്രതിഷേധിക്കുന്നത്.