മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധനനിയമം നടപ്പാക്കാൻ സർക്കാർ. അനധികൃതമെന്ന് കാട്ടി ക്രിസ്ത്യൻ പള്ളികൾ പൊളിക്കാൻ നീക്കം

 
Christian

ന്യൂഡൽഹി : മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാൻ നീക്കമാരംഭിച്ച് ബി.ജെ.പി സർക്കാർ.

ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്താൻ പാർട്ടിയിൽ ധാരണയായി. ഇതിന് പുറമേ അനധികൃതമെന്ന് കാട്ടി ക്രൈസ്തവ ദേവാലയങ്ങൾ പൊളിക്കാനും നീക്കമുണ്ട്. പൊളിക്കേണ്ട പള്ളികളുടെ പട്ടിക തയ്യാറാക്കാൻ സർക്കാർ ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ട് കഴിഞ്ഞു.  

അനധികൃത പള്ളികൾ ആറ് മാസത്തിനകം ഇടിച്ചു നിരത്തുമെന്നാണ് റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻ കുലെ പ്രഖ്യാപിട്ടുള്ളത്. ഭീഷണിയും ആനുകൂല്യങ്ങൾ നൽകാമെന്ന പ്രലോഭനവും നടത്തി മതപരിവർത്തനം നടക്കുന്നതായി ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ടുണ്ട്.  അതിനെ അടിസ്ഥാനമാക്കി 2011,2018 മെയ് മാസങ്ങളിൽ മതസ്ഥാപനങ്ങൾ നീക്കംചെയ്യാൻ സർക്കാർ  ഉത്തരവുകൾ നൽകിയിട്ടുണ്ട്.

വകുപ്പുതല കമ്മീഷണർമാർക്ക് ആറ് മാസത്തിനുള്ളിൽ ഈ ഘടനകൾ നീക്കംചെയ്യാനുള്ള പദ്ധതി തയ്യാറാക്കാൻ നിർദ്ദേശം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 

മതപരിവർത്തന കേസുകൾ ചെറുക്കാനായി മഹാരാഷ്ട്ര സർക്കാർ കർശന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികൾക്ക് ലഭിക്കുന്ന വിദേശ ധനസഹായം, അതിന്റെ ഉറവിടം, ധനത്തിന്റെ അളവ്, സംസ്ഥാന-കേന്ദ്ര നിയമങ്ങൾ എന്നിവയെക്കുറിച്ചുള്ള കാര്യങ്ങൾ മന്ത്രിസഭ പ്രാഥമികമായി ചർച്ച ചെയ്യുമെന്നും, പിന്നീട് വിശദമായ ചർച്ചയ്ക്കുശേഷം കർശന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.

ആദിവാസികൾ ക്രൈസ്തവ മതത്തിലേക്ക് ഭീഷണിയും പ്രലോഭനങ്ങളും വഴി മതപരിവർത്തനം ചെയ്യപ്പെടുന്നുവെന്നും വിദേശ ധനസഹായം ഉപയോഗിച്ച് പണിയുന്ന അനധികൃത പള്ളികൾ ഇതിന് ഉപയോഗിക്കപ്പെടുന്നുവെന്നും ബി.ജെ.പി എം.എൽ.എമാരായ അനൂപ് അഗർവാൾ, സുധീർ മുഗന്ധിവാർ, സഞ്ജയ് കുട്ടെ, ഗോപിചന്ദ് പഡൽക്കർ എന്നിവർ ആരോപിക്കുന്നുണ്ട്.

മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന 1,515 സ്ഥാപനങ്ങൾ കഴിഞ്ഞവർഷം വിദേശ ധനസഹായം സ്വീകരിച്ചുവെന്നും ഇതാണ് സംസ്ഥാനത്തെ ഹിന്ദു ജനസംഖ്യ കുറയാൻ കാരണമെന്നും മുൻമന്ത്രി കൂടിയായ സുധീർ മുഗന്ധിവാർ ആരോപിച്ചു. എന്നാൽ പണത്തിന്റെ ഉറവിടം അദ്ദേഹം വ്യക്തമാക്കിയില്ല. മതം മാറ്റിയ ആദിവാസികൾക്ക് പട്ടികജാതി ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കരുതെന്ന ഉറപ്പ് വരുത്താൻ ഒരു അവലോകന കമ്മിറ്റി രൂപീകരിക്കണമെന്ന് സഞ്ജയ് കുട്ടെ നിയമസഭയിൽ ആവശ്യപ്പെട്ടു. മറ്റു 12 സംസ്ഥാനങ്ങളിലെയും പാകിസ്ഥാൻ, ഇറാൻ, യു.എ.ഇ പോലുള്ള രാജ്യങ്ങളിലെയും മതപരിവർത്തന നിരോധന നിയമങ്ങളുമായി താരതമ്യപെടുത്തി സഖ്യസർക്കാരും മതപരിവർത്തനം നിരോധിക്കാൻ കർശന നിയമം കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി. 

മതപരിവർത്തനത്തിനെതിരായ നടപടികൾ ആവശ്യപ്പെട്ട് കൊണ്ടുള്ള മഹായുതി സർക്കാരിന്റെ ആദ്യശ്രമമായി ഇതിനെ കാണാനാവില്ല. ഇക്കഴിഞ്ഞ മാർച്ചിൽ, മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, മഹാരാഷ്ട്രയിൽ 'ലൗ ജിഹാദ്' നിരോധന നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യം ഉന്നയിച്ചിരുന്നു. ഇത്തരം കേസുകളുടെ 1 ലക്ഷം പരാതികൾ സർക്കാർ സ്വീകരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

Tags

Share this story

From Around the Web