മഹാരാഷ്ട്രയില്‍ ക്രൈസ്തവ നേതൃത്വത്തിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപി എംഎല്‍എയ്‌ക്കെതിരെ വന്‍ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികള്‍

മുംബൈ: മഹാരാഷ്ട്രയില്‍ ക്രൈസ്തവ നേതൃത്വത്തിനെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപി എംഎല്‍എയ്‌ക്കെതിരെ വന്‍ പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികള്‍. ബിജെപി എംഎല്‍എ ഗോപിചന്ദ് പദല്‍ക്കറിന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് ഇന്നലെ ജൂലൈ 11ന് മഹാരാഷ്ട്രയിലുടനീളമുള്ള ആയിരക്കണക്കിന് ക്രൈസ്തവര്‍ മുംബൈയിലെ ആസാദ് മൈതാനിയില്‍ ഒത്തുകൂടിയത്.
സകല്‍ ക്രിസ്റ്റി സമാജ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഇരുപതിലധികം ക്രൈസ്തവ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിന്നു. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരിന്നു ക്രൈസ്തവരുടെ പ്രതിഷേധം.
ക്രൈസ്തവ പുരോഹിതര്‍ക്കും പാസ്റ്റര്‍മാര്‍ക്കുമെതിരെ ആക്രമണത്തിന് ആഹ്വാനവും പ്രതിഫലവും വാഗ്ദാനം ചെയ്തുള്ള ജാട്ട് നിയോജക മണ്ഡലം എംഎല്‍എ ഗോപിചന്ദ് പദല്‍ക്കറിന്റെ വര്‍ഗ്ഗീയ പരാമര്‍ശമുള്ള വീഡിയോ ഏറെ വിവാദം സൃഷ്ടിച്ചിരിന്നു.
മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ വൈദികര്‍ക്കും മിഷ്ണറിമാര്‍ക്കും എതിരെ ആക്രമണം നടത്തുന്നവര്‍ക്കു 3 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തുകൊണ്ടായിരിന്നു ഗോപിചന്ദിന്റെ വര്‍ഗ്ഗീയ പ്രസംഗം.
ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന മൗനം അപകടകരമാണെന്ന് 'ബോംബെ കാത്തലിക് സഭ' എന്ന സംഘടനയുടെ മുന്‍ പ്രസിഡന്റ് റാഫേല്‍ ഡിസൂസ കാത്തലിക് കണക്റ്റിനോട് പറഞ്ഞു.
ബിജെപി സര്‍ക്കാരിന്റെ സ്വന്തം സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാളായ ഗോപിചന്ദ് പദല്‍ക്കര്‍, 'ഈ ക്രിസ്ത്യാനികളെ ആക്രമിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ തരാം' എന്ന് പറഞ്ഞപ്പോഴും മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിനിടെ അദ്ദേഹത്തിനെതിരെ ഭരണകൂടം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്ന് റാഫേല്‍ ഡിസൂസ ചൂണ്ടിക്കാട്ടി.
പദല്‍ക്കറുടെ രാജിയും എഫ്ഐആറും ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള നിരവധി നഗരങ്ങളിലും വിവിധ ജില്ലകളിലും സമാനമായ ധര്‍ണകളും പ്രതിഷേധ പരിപാടികളും നടക്കുന്നുണ്ട്.