കുറവിലങ്ങാട് തീര്‍ത്ഥാടന കേന്ദ്രത്തില്‍ മഹാ ജപമാല റാലി

 
kuravilagad

കുറവിലങ്ങാട്: ജപമാല മാസാചരണ സമാപനത്തോടനുബന്ധിച്ച് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ജപമാല റാലി നടത്തി. ഇടവകയുടെ വിവിധ കേന്ദ്രങ്ങളില്‍നിന്നെത്തിയ ചെറിയ റാലികള്‍ ജൂബിലി കപ്പേളയില്‍ സംഗമിച്ചു മഹാറാലിയായി മാറി.

കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഇടവകയിലെ സോണുകള്‍ അടിസ്ഥാനമാക്കിയാണ് റാലി ക്രമീകരിച്ചത്. ആയിരങ്ങള്‍ പങ്കുചേര്‍ന്ന റാലി ഇടവക ദേവാലയത്തില്‍ സമാപിച്ചു.

റാലി കുരിശുംതൊട്ടിയില്‍ എത്തിയപ്പോള്‍ ആര്‍ച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി സന്ദേശം നല്‍കി. മുത്തുക്കുടകളും മുത്തിയമ്മ കൊടികളും റാലിക്ക് ഭംഗിയേകി. ഇടവകയിലെ 81 കൂട്ടായ്മ യൂണിറ്റ് പ്രസിഡന്റുമാര്‍ മുത്തിയമ്മയുടെ ചിത്രങ്ങളും സെക്രട്ടറിമാര്‍ കൊടികളും സംവഹിച്ചു. വൈദികരും കുടുംബകൂട്ടായ്മാ ഭാരവാഹികളും നേതൃത്വം നല്‍കി. 


ജപമാല മാസാചരണത്തിന്റെ ഭാഗമായി ഇടവകയിലെ മുഴുവന്‍ കുടുംബ കൂട്ടായ്മകളിലും ജപമാല പ്രദക്ഷിണങ്ങളും പ്രാര്‍ത്ഥനകളും 10 ദിവസം പൂര്‍ത്തീകരിച്ചിരുന്നു. ഇടവക ദേവാലയത്തിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. ഇതിന്റെ സമാപനമായാണ് മഹാറാലി നടത്തിയത്.

Tags

Share this story

From Around the Web