മധുര തനിഷ്‌ക് ജ്വല്ലറി മോഷണക്കേസ്; മുഖ്യപ്രതിയുടെ പിതാവും ഇന്‍ഫ്‌ളുവന്‍സര്‍ മീനാക്ഷിയും പിടിയില്‍,അഞ്ച് കിലോ സ്വര്‍ണം കണ്ടെടുത്തു

 
tanishq



തമിഴ്‌നാട്: മധുര തനിഷ്‌ക് ജ്വല്ലറി മോഷണകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി നിഷാന്തിന്റെ പിതാവ് സുരേഷ്, നിഷാന്തിന്റെ സുഹൃത്തും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മീനാക്ഷി എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയ്യില്‍ നിന്നും അഞ്ച് കിലോ സ്വര്‍ണവും കണ്ടെടുത്തു.

ഇന്ന് വൈകിട്ടോടെയാണ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. മുഖ്യപ്രതി നിഷാന്തും പിതാവും ചേര്‍ന്ന് മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിക്കുന്നത് ഒരാള്‍ കണ്ടിരുന്നു. ഇയാളുടെ മൊഴി പ്രകാരം പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. പൊലീസ് നല്‍കിയ ഫോട്ടോയില്‍ നിന്ന് നിഷാന്തിനെ യുവാവ് തിരിച്ചറിഞ്ഞു. ഇതോടെയാണ് സുരേഷിന്റെ അറസ്റ്റിലേയ്ക്ക് കാര്യങ്ങളെത്തിയത്.

നിഷാന്തും മീനാക്ഷിയും തമ്മിലുള്ള സോഷ്യല്‍ മീഡിയ ചാറ്റുകളും ഫോണ്‍ വിവരങ്ങളും പൊലീസ് കണ്ടെത്തി. ഇതിലൂടെയാണ് മോഷണത്തില്‍ മീനാക്ഷിയുടെ പങ്ക് വ്യക്തമായത്. ഹൈദരാബാദിലും ബെംഗളൂരുവിലും തമിഴ് നാട്ടിലെ വിവിധയിടങ്ങളിലും നിഷാന്തിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. നവംബര്‍ 13ന് പുലര്‍ച്ചെയാണ് തനിഷ്‌ക് ജുവല്ലറിയില്‍ മോഷണം നടന്നത്. മോഷ്ടാവ് സഞ്ചരിച്ച സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്താന്‍ പൊലീസിന് സഹായകരമായത്.

Tags

Share this story

From Around the Web