മധുര തനിഷ്ക് ജ്വല്ലറി കവർച്ച: മുഖ്യപ്രതി നിഷാന്ത് തമിഴ്നാട്ടിൽ പിടിയിൽ. കുടുക്കിയത് ബസ് ഡ്രൈവറുടെ ജാഗ്രത. പെൺസുഹൃത്തിന് വീട് പണിയാനാണ് കവർച്ച നടത്തിയതെന്ന് സൂചന
ചെന്നൈ: മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ചാ കേസിലെ മുഖ്യപ്രതി നിഷാന്ത് പോലീസ് പിടിയിൽ. ധർമ്മപുരി ജില്ലയിൽ വെച്ച് സേലത്തേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
മാധ്യമങ്ങളിലൂടെ പ്രതിയുടെ ചിത്രം കണ്ടിരുന്ന ബസ് ഡ്രൈവർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പെൺസുഹൃത്തും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ മീനാക്ഷിക്ക് വീട് പണിയുന്നതിന് പണം കണ്ടെത്താനാണ് കവർച്ച നടത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.
കവർച്ച നടന്ന് അഞ്ചാം ദിവസമാണ് പ്രതി പിടിയിലാകുന്നത്. തൊപ്പിയും മാസ്കും ധരിച്ച് വേഷം മാറിയാണ് നിഷാന്ത് ബസിൽ കയറിയത്. പോലീസിനെ കണ്ടതോടെ ബസിന്റെ ജനാല വഴി ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
തുടർന്ന് ഇയാളെ അദിയമാൻകോട്ട പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. നേരത്തെ പ്രതി കേരളത്തിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നതിനെ തുടർന്ന് സംസ്ഥാനത്തും പോലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് നിഷാന്തിന്റെ പെൺസുഹൃത്ത് മീനാക്ഷി നാച്ചിയാർ, ഓട്ടോ ഡ്രൈവറായ പിതാവ് സുരേഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അവസാനമായി തിരുപ്പൂരിൽ വെച്ചാണ് നിഷാന്ത് മീനാക്ഷിയെ ഫോണിൽ ബന്ധപ്പെട്ടതെന്ന് കണ്ടെത്തിയതോടെ, പ്രതി തമിഴ്നാട്ടിൽ തന്നെയുണ്ടെന്ന് ഉറപ്പിച്ച പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.
ആഡംബര ജീവിതത്തോടുള്ള മോഹമാണ് നിഷാന്തിനെ മോഷണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. തനിക്ക് ലഭിച്ച യൂട്യൂബ് വരുമാനം ഉപയോഗിച്ച് പുതിയ വീട് പണിയുകയാണെന്ന് മീനാക്ഷി കഴിഞ്ഞ ഒക്ടോബറിൽ വെളിപ്പെടുത്തിയിരുന്നു.
വീടുപണിക്ക് പണം തികയാതെ വന്നതോടെയാണോ നിഷാന്ത് കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാൽ, ചോദ്യം ചെയ്യലിൽ മീനാക്ഷി നിഷാന്തിനെ തള്ളിപ്പറഞ്ഞതായാണ് വിവരം.
കഴിഞ്ഞ 12-ന് പുലർച്ചെയാണ് മധുര ബൈപാസിലുള്ള പുതിയ ഷോറൂമിൽ നിന്ന് കിലോക്കണക്കിന് സ്വർണ്ണവും വജ്രാഭരണങ്ങളും കവർന്നത്. മോഷണത്തിന് മുൻപ് രണ്ട് തവണ നിഷാന്ത് ജ്വല്ലറിയിലെത്തി നിരീക്ഷണം നടത്തിയിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
മോഷണ സമയത്ത് പ്രതി ധരിച്ചിരുന്ന തൊപ്പിയാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. അവ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് മെച്ചപ്പെടുത്തിയാണ് പോലീസ് പ്രതിയുടെ വ്യക്തമായ ചിത്രം തയ്യാറാക്കിയത്.
മോഷണ ശേഷം നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതി സഞ്ചരിച്ച വഴികളിലെ ദൃശ്യങ്ങൾ പിന്തുടർന്നാണ് അന്വേഷണ സംഘം മീനാക്ഷിയിലേക്കും ഒടുവിൽ നിഷാന്തിലേക്കും എത്തിയത്.