ലെയോ പാപ്പയ്ക്ക് ആദരവുമായി മാഡ്രിഡ്; ‘കോർ ഊനം’ മധുരപലഹാരം പുറത്തിറക്കി
ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്പെയിൻ സന്ദർശനത്തോടനുബന്ധിച്ച് പാപ്പയോടുള്ള ആദരസൂചകമായി മാഡ്രിഡിൽ സവിശേഷമായ ഒരു കേക്ക് പുറത്തിറക്കി. വി. അഗസ്റ്റിന്റെ പ്രശസ്തമായ വചനത്തെ അടിസ്ഥാനമാക്കി “കോർ ഊനം” (ഒരു ഹൃദയം) എന്നാണ് ഈ മധുരപലഹാരത്തിന് പേരിട്ടിരിക്കുന്നത്. മാഡ്രിഡ് കമ്മ്യൂണിറ്റിയുടെ സ്പോൺസർഷിപ്പോടെ അസോസിയേഷൻ ഓഫ് ആർട്ടിസാൻ പേസ്ട്രി ഒന്റർപ്രണേഴ്സ് (ASEMPAS) ലെ വിദഗ്ദ്ധരായ പേസ്ട്രി ഷെഫുമാരാണ് ഈ വിശിഷ്ട വിഭവം തയ്യാറാക്കിയിരിക്കുന്നത്.
പരമ്പരാഗത ബട്ടർ ഷോർട്ട്ബ്രെഡ് മാവ് കൊണ്ടുള്ള രണ്ട് പാളികൾക്കിടയിൽ മൃദുവായ നാരങ്ങ ക്രീമും, മാഡ്രിഡിലെ പ്രശസ്തമായ അരൻജൂസ് തോട്ടങ്ങളിൽ നിന്നുള്ള നാടൻ സ്ട്രോബെറി ജാമും ചേർത്താണ് ഈ ‘ടീ പേസ്ട്രി’ നിർമ്മിച്ചിരിക്കുന്നത്. വൈറ്റ് ചോക്ലേറ്റ് കൊണ്ട് പൊതിഞ്ഞ്, മഞ്ഞ നിറങ്ങളാൽ അലങ്കരിച്ച ഈ കേക്കിന് മുകളിലായി വത്തിക്കാന്റെ ഔദ്യോഗിക മുദ്ര പതിപ്പിച്ച വൈറ്റ് ചോക്ലേറ്റിന്റെ ഒരു നേർത്ത പാളിയും നൽകിയിട്ടുണ്ട്. ദൈവത്തിൽ ഒരു ഹൃദയവും ഒരു ആത്മാവും എന്ന അഗസ്റ്റീനിയൻ ആത്മീയതയുടെ സ്നേഹചൈതന്യമാണ് ഈ കേക്കിന്റെ രൂപകൽപ്പനയിലൂടെ അണിയറപ്രവർത്തകർ പങ്കുവെക്കുന്നത്.
തലസ്ഥാനത്തെ പ്രശസ്തമായ ‘മല്ലോർക്ക’ പേസ്ട്രി ഷോപ്പിൽ നടന്ന ചടങ്ങിൽ സംസ്കാരം, ടൂറിസം, കായികം എന്നിവയുടെ ചുമതലയുള്ള മന്ത്രി മരിയാനോ ഡി പാക്കോ സെറാനോ, ബേക്കർമാരുടെ അസോസിയേഷൻ പ്രസിഡന്റ് ജോനാഥൻ യാഗ്വേ ഗല്ലാർഡോ എന്നിവർ ചേർന്നാണ് കേക്ക് ഔദ്യോഗികമായി പുറത്തിറക്കിയത്. നാം സന്ദർശിക്കുന്ന സ്ഥലങ്ങളുടെ മികച്ച ഓർമ്മകൾ സമ്മാനിക്കുന്നത് അവിടുത്തെ രുചികളാണെന്നും, മാഡ്രിഡിലെ പേസ്ട്രി ഷെഫുമാരുടെ ഈ ശ്രമം മാർപാപ്പയുടെ സന്ദർശനം ഏവർക്കും ഒരു മധുരമുള്ള ഓർമ്മയാക്കി മാറ്റുമെന്നും മന്ത്രി ചടങ്ങിൽ എടുത്തുപറഞ്ഞു.
മാഡ്രിഡിലെ പരമ്പരാഗത പേസ്ട്രി മേഖല ഈ മധുരപലഹാരം സ്പാനിഷ് എപ്പിസ്കോപ്പൽ കോൺഫറൻസ് വഴി പരിശുദ്ധ മാർപാപ്പയ്ക്ക് എത്തിച്ചുനൽകും. അതോടൊപ്പം, പൊതുജനങ്ങൾക്കും തീർഥാടകർക്കുമായി ജൂൺ 6, 7 തീയതികളിൽ പ്യൂർട്ട ഡെൽ സോൾ ടൂറിസ്റ്റ് സെന്ററിൽ ഈ കേക്ക് സൗജന്യമായി വിതരണം ചെയ്യും. മാഡ്രിഡ്, അരൻജൂസ്, അൽകാല ഡി ഹെനാരസ് തുടങ്ങിയ പ്രദേശങ്ങളിലെ ബേക്കറികളിൽ നിന്ന് ബോക്സുകളായും ഇത് വാങ്ങാൻ ലഭിക്കും. കൂടാതെ, സീലിയാക് രോഗബാധിതർക്കായി ഇതിന്റെ ‘ഗ്ലൂട്ടൻ ഫ്രീ’ പതിപ്പും ലഭ്യമാക്കിയിട്ടുണ്ട്.