മഡഗാസ്‌കര്‍ ആഭ്യന്തരയുദ്ധഭീഷണിയില്‍. സമാധാനം സ്ഥാപിക്കപ്പെടാനായി ചര്‍ച്ചകള്‍ ആവശ്യമെന്ന് മെത്രാന്‍സമിതി പ്രസിഡന്റ്

വത്തിക്കാന്‍: കഴിഞ്ഞ ഏതാനും ആഴ്ചകളായി മഡഗാസ്‌കറില്‍ നിലനിന്നിരുന്ന സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളായി വരികയാണെന്നും രാജ്യം ആഭ്യന്തരയുദ്ധഭീഷണിയാണ് നേരിടുന്നതെന്നും രാജ്യത്തെ കാതോലിക്കാസഭാനേതൃത്വം.
മഡഗാസ്‌കര്‍ കത്തോലിക്കമെത്രാന്‍സമിതി പ്രസിഡന്റും മൊറോന്താവ രൂപതാധ്യക്ഷനുമായ ബിഷപ് മരീ ഫാബിയന്‍ വത്തിക്കാന്‍ മാധ്യമങ്ങള്‍ക്കനുവദിച്ച ഒരു അഭിമുഖത്തിലാണ് രാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ച് പ്രസ്താവന നടത്തിയത്.
മഡഗാസ്‌കര്‍ പ്രെസിഡന്റ് ആന്ദ്രി രാജോയെലീന നാടുവിട്ടതിനെത്തുടര്‍ന്ന്, 'ജെന്‍സീ' യുവജനങ്ങള്‍ നടത്തിവന്നിരുന്ന പ്രതിഷേധപ്രകടനങ്ങള്‍ കൂടുതല്‍ അക്രമാസക്തമായെന്ന് ബിഷപ് മരീ ഫാബിയന്‍ അറിയിച്ചു.
രാജ്യത്തെ പോലീസ്, സുരക്ഷാസേനകള്‍ പട്ടാളത്തോട് ചേര്‍ന്നുവെന്നും, അവരില്‍ ഭൂരിപക്ഷവും പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടന മാനിക്കപ്പെടണമെന്നും, സമാധാനസ്ഥാപനത്തിനായി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും പ്രസിഡന്റ് രാജോയെലീന സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവജനങ്ങളും പ്രതിഷേധപ്രകടനങ്ങള്‍ തുടരുന്നവരും ഇത് അംഗീകരിച്ചിരുന്നില്ല.
യുവജനങ്ങള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും നിലവിലെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമായിരുന്നില്ലെന്നും, സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ വളരെക്കുറച്ച് മാത്രമാണ് യാഥാര്‍ത്ഥ്യമായതെന്നും ബിഷപ് മരീ ഫാബിയന്‍ ഒസ്സെര്‍വ്വത്തോറെ റൊമാനോയോട് പറഞ്ഞു.
രാജ്യത്തെ ജല, വൈദ്യുത ലഭ്യതക്കുറവ് മാത്രമായിരുന്നില്ല പ്രതിഷേധപ്രകടനങ്ങള്‍ക്ക് കാരണമെന്ന് അറിയിച്ച മെത്രാന്‍സമിതി പ്രസിഡന്റ്, ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും, ചികിത്സാഉപകരണങ്ങളുടെയും മരുന്നുകളുടെയും കുറവുണ്ടെന്നും, ആരോഗ്യരംഗം പ്രതിസന്ധിയിലാണെന്നും വ്യക്തമാക്കി.
രാജ്യത്തെ യുവജനങ്ങള്‍ ഗവണ്മെന്റിന്റെ വ്യാജവാഗ്ദാനങ്ങള്‍ മൂലം മടുത്തിരിക്കുകയാണെന്നും, അവരാണ് പ്രതിഷേധം നയിക്കുന്നതെന്നും ഓര്‍മ്മിപ്പിച്ച ബിഷപ് മരീ ഫാബിയന്‍, രാജ്യത്ത് ഒരു ആഭ്യന്തരയുദ്ധമുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് സഭയുള്‍പ്പെടെയുള്ളവര്‍ ഭയക്കുന്നുണ്ടെന്ന് പ്രസ്താവിച്ചു.
സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനും, അക്രമത്തിന്റെ മാര്‍ഗ്ഗം ഉപേക്ഷിക്കാനും രാജ്യത്തെ ജനങ്ങളോടും, ജനങ്ങള്‍ക്കെതിരെ ആയുധമെടുക്കരുതെന്ന് സായുധസേനയോടും മെത്രാന്‍സമിതി പ്രസിഡന്റ് അഭ്യര്‍ത്ഥന നടത്തി.