ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരും; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

 
rain


തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ഒഡിഷക്കും മുകളിലായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഓഗസ്റ്റ് എട്ട് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.


ആഗസ്റ്റ് എട്ട്, ഒന്‍പത് തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.


ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്‍പതിന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.


ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും കഴിയുന്നവര്‍ അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കാന്‍ തയ്യാറാകണം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. ജലാശയങ്ങളില്‍ കുളിക്കാനോ മീന്‍പിടിക്കാനോ ഇറങ്ങരുത്. ജലാശയങ്ങള്‍ക്ക് മുകളിലെ പാലങ്ങളില്‍നിന്ന് സെല്‍ഫി എടുക്കുന്നതും കാഴ്ചകള്‍ കാണാന്‍ കൂട്ടം കൂടി നില്‍ക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു.


അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമുകള്‍ സജ്ജമാണ്. സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ അടിയന്തരമായി എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് അലര്‍ട്ടുകളില്‍ മാറ്റം വരാമെന്നും അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

Tags

Share this story

From Around the Web