ഹരിയാനയിലെ ഗ്രാമത്തില്‍ പ്രണയവിവാഹങ്ങള്‍ക്ക് നിരോധനം, വിലക്ക് ലംഘിക്കുന്നവരെ സാമൂഹികമായി ബഹിഷ്‌കരിക്കാന്‍ 'പ്രമേയം', ആയിരത്തോളം ഗ്രാമീണര്‍ പങ്കെടുത്ത യോഗത്തില്‍ 'പ്രമേയം' അംഗീകരിച്ചത്
ഹിസാര്‍: ഹരിയാനയിലെ ഹിസാര്‍ ജില്ലയിലുള്ള ആര്യനഗര്‍ ഗ്രാമത്തില്‍ പ്രണയവിവാഹങ്ങള്‍ക്കെതിരെ സാമൂഹിക പഞ്ചായത്തിന്റെ വിചിത്ര പ്രമേയം. ഒരേ ഗ്രാമത്തില്‍ നിന്നുള്ളവര്‍ തമ്മിലുള്ള പ്രണയവിവാഹങ്ങള്‍ വിലക്കാനും, ഇത്തരം വിവാഹങ്ങള്‍ കഴിക്കുന്ന ദമ്പതികള്‍ക്ക് സാമൂഹിക ബഹിഷ്‌കരണം ഏര്‍പ്പെടുത്താനുമാണ് ഗ്രാമസഭ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച മുതിര്‍ന്ന ഗ്രാമീണനായ കുല്‍വന്ത് ഗോസ്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആയിരത്തോളം ഗ്രാമീണര്‍ പങ്കെടുത്ത യോഗത്തില്‍ പ്രമേയം അംഗീകരിച്ചത്. ഇത്തരം വിവാഹങ്ങളെ പിന്തുണയ്ക്കുന്ന കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെയും സമാനമായ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശമുണ്ട്.
ഈ നിരോധനത്തില്‍ ഗ്രാമീണരുടെ അഭിപ്രായം അറിയുന്നതിനായി ഒരു കമ്മിറ്റി വീടുതോറും പ്രചാരണം നടത്തുമെന്നും യോഗം അറിയിച്ചു.
അടുത്തിടെ ഗ്രാമത്തിലെ തന്നെ വ്യക്തികള്‍ തമ്മില്‍ നടന്ന മൂന്ന് വിവാഹങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇവര്‍ എത്തിയത്. ഇതില്‍ രണ്ട് വിവാഹങ്ങള്‍ വേറെവേറെ ജാതിയില്‍പ്പെട്ടവര്‍ തമ്മിലുമായിരുന്നു. അതേസമയം, ഗ്രാമത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക പഞ്ചായത്തിന് ഈ തീരുമാനത്തില്‍ പങ്കില്ലെന്ന് ആര്യ നഗര്‍ സര്‍പഞ്ച് രത്തന്‍ സിങ് വ്യക്തമാക്കി.
അതേസമയം വിഷയം പരിശോധിക്കുമെന്നും ഇത്തരം ദമ്പതിമാരുടെ സുരക്ഷയും സംരക്ഷണവും പൊലീസ് ഉറപ്പാക്കുമെന്നും ഹിസാര്‍ സൂപ്രണ്ട് ഓഫ് പൊലീസ് സിദ്ധാന്ത് ജെയിന്‍ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയായ പൗരന്മാര്‍ക്ക് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സ്വന്തം ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ മൗലികാവകാശമുണ്ടെന്ന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കമല്‍ ആനന്ദ് ചൂണ്ടിക്കാട്ടി.
സാമൂഹിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തുന്ന പഞ്ചായത്ത് ഉത്തരവുകള്‍ക്ക് നിയമസാധുതയില്ലെന്നും ഇത് ക്രിമിനല്‍ നടപടികള്‍ക്ക് കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.