കൊല്ലത്ത് വീണ്ടും ലോട്ടറി അച്ചടിപ്പിശക്; ഒരേ നമ്പറില്‍ രണ്ട് ടിക്കറ്റുകള്‍, എസ് സി 819746 എന്ന സീരിയല്‍ നമ്പറിലുള്ള രണ്ട് ടിക്കറ്റുകളാണ് കണ്ടെത്തിയത്
കൊല്ലം: കൊല്ലത്ത് വീണ്ടും ലോട്ടറി ടിക്കറ്റില്‍ അച്ചടിപ്പിശക്. ഒരേ സീരിയല്‍ നമ്പറില്‍ രണ്ട് ടിക്കറ്റുകള്‍ കണ്ടെത്തി. ഇന്ന് നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കൊല്ലം ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജന്‍സിയില്‍ എത്തിയ ടിക്കറ്റുകളിലാണ് ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
എസ് സി 819746 എന്ന സീരിയല്‍ നമ്പറിലുള്ള രണ്ട് ടിക്കറ്റുകളാണ് കണ്ടെത്തിയത്. കൊല്ലം ട്രഷറിയില്‍നിന്ന് എടുത്ത ടിക്കറ്റുകളാണിതെന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്. കരിക്കോട് പ്രവര്‍ത്തിക്കുന്ന ആറ്റുക്കാല്‍ ഏജന്‍സിയില്‍നിന്നാണ് ടിക്കറ്റുകള്‍ എത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ ടിക്കറ്റ് വില്‍പന നടത്തുന്ന വ്യക്തി ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.
വൈകിട്ട് മൂന്നുമണിക്കാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ലഭിക്കുക. ഇതിനിടെയാണ് ഒരേ സീരിയല്‍ നമ്പറിലുള്ള രണ്ട് ടിക്കറ്റുകള്‍ കണ്ടെത്തിയത്. ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോഴും രണ്ട് ടിക്കറ്റുകളിലും ഒരേ വിവരങ്ങളാണ് ലഭിക്കുന്നതെന്നാണ് വിവരം.
ഇന്നലെ കൊല്ലം കുണ്ടറയിലും സമാനമായ രീതിയില്‍ ഒരേ നമ്പറിലുള്ള രണ്ട് ലോട്ടറി ടിക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായി ലോട്ടറി ടിക്കറ്റുകളില്‍ ഇത്തരം അച്ചടിപ്പിശകുകള്‍ കണ്ടെത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംഭവത്തില്‍ കൊല്ലം ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
ലോട്ടറി വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിഷയം ഗൗരവമായി പരിഗണിച്ച് ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകളുടെ ആവശ്യം.